ADVERTISEMENT

തിരുവനന്തപുരം∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) തിരുവനന്തപുരത്തെ പുതിയ ക്യാംപസിന് ആർഎസ്എസ് താത്വികാചാര്യൻ എം.എസ്.ഗോൾവാൾക്കറുടെ പേരിടുമെന്ന പ്രഖ്യാപനത്തിനെതിരെ തിരുവനന്തപുരം എംപി ശശി തരൂർ. വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവർക്ക് അറിയാം. ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായിരുന്നു രാജീവ് ഗാന്ധി. അതിനായി അദ്ദേഹം ഫണ്ടും നീക്കിവച്ചിരുന്നു.

ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച ബിജെപിയുടെ മറ്റു നേതാക്കൾ ആരുമില്ലായിരുന്നോയെന്ന് തരൂർ ചോദിച്ചു. ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമിക്കപ്പെടേണ്ടത് 1966ൽ വിഎച്ച്പിയുടെ ‌പരിപാടിയിൽ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന’ പരാമർശത്തിന്റെ പേരിലാണെന്ന് ശശി തരൂർ പറഞ്ഞു.

താനായിരുന്നെങ്കിൽ തിരുവനന്തപുരത്തുകാരുടെ ഹീറോയായ ബാക്‌ടീരിയോളജിസ്റ്റും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഡോക്ടർ പൽപ്പുവിന്റെ പേരാണ് ക്യാംപസിന് നിർദേശിക്കുകയെന്നും തരൂർ വ്യക്തമാക്കി. 1863ൽ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം കേംബ്രിജിൽ നിന്ന് സീറം തെറാപ്പിയിലും ട്രോപ്പിക്കൽ മെഡിസിനിലും പ്രാവീണ്യം നേടി. വാക്സീൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന അദ്ദേഹത്തിന് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ഫെല്ലോഷിപ്പും ഉണ്ടായിരുന്നു.

പുരോഗമന ആശക്കാരനായ ശാസ്ത്രജ്ഞനും മെഡിക്കൽ ഡോക്ടറും ആയിരുന്ന അദ്ദേഹത്തിന്റെ പേരായിരുന്നു ആരോഗ്യ രംഗത്ത് പറയത്തക്ക ഒരു സംഭാവനയും നൽകാത്ത തികച്ചും അവ്യക്തമായ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവിനേക്കാൾ എന്ത് കൊണ്ടും നല്ലത്. ഇത് തിരുവനന്തപുരത്തുള്ള ബിജെപിക്കാർക്കും അപമാനമാണെന്നും എതിർക്കപ്പെടേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു.

ആക്കുളത്തുള്ള ക്യാംപസിന് ‘ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷനൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ’ എന്ന് പേരിടുമെന്നാണ് കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ക്യാംപസ് ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: RGCB, MS Golwalkar, Rajiv Gandhi, Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com