ADVERTISEMENT

യുഡിഎഫ് രാഷ്ട്രീയത്തിൽ ഇന്ന് അസാമാന്യ സ്വാധീന ശക്തിയുള്ളയാളാണു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. വിവാദങ്ങളും തിരിച്ചടികളുമൊന്നും അദ്ദേഹത്തെ തളർത്തിയില്ല. ലീഗിനെ കോൺഗ്രസുമായി ചേർത്തു നിർത്തുന്നതിലും പ്രശ്ന പരിഹാരങ്ങൾക്കുമെല്ലാം കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം യുഡിഫിന് അനിവാര്യം. തദ്ദേശ തിരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ചും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ പറ്റിയും ‘ക്രോസ് ഫയറിൽ’ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി കുഞ്ഞാലിക്കുട്ടി മനസ്സു തുറക്കുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും പരിചയ സമ്പന്നനായ നേതാക്കളിൽ ഒരാൾ കൂടിയാണു താങ്കൾ. മലബാറിൽ യുഡിഎഫ് പ്രചാരണത്തിനു തന്നെ നേതൃത്വം കൊടുക്കുന്നു. ഫീൽഡിലെ സ്ഥിതിയെ കുറിച്ച് എന്തു തോന്നുന്നു? 

നല്ല ആത്മവിശ്വാസമുണ്ട്. മുൻകാലങ്ങളിലേക്കാളും മെച്ചപ്പെട്ട റിസൽട്ടാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അത് എൽഡിഎഫിന്റെ അഴിമതി മാത്രം കണ്ടല്ല. പൊതുവിൽ ഭരണ സംവിധാനത്തിൽ സുതാര്യം യുഡിഎഫാണ് എന്നു ജനങ്ങൾ കരുതുന്നു. വികസനം ഉറപ്പാക്കുന്നതും യുഡിഎഫാണ്. കുറച്ചു കൂടി ജനാധിപത്യപരമായ സമീപനം യുഡിഎഫിനുണ്ട്. അധികാര വികേന്ദ്രീകരണത്തിൽ പ്രതിബദ്ധതയും യുഡിഎഫിനാണ്.

അച്ചടക്കവും വലിയ അഴിമതി ഇല്ലാതിരുന്നു എന്ന വിചാരവുമാണ് എൽഡിഎഫിനു മേനി നടിക്കാനുണ്ടായത്. എന്നാൽ അഴിമതി പുറത്തു വരാതിരുന്നതാണ് എന്ന് ഇപ്പോൾ മനസ്സിലായി. അറിഞ്ഞപ്പോൾ കേരളം കണ്ടതിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്. യഥാർഥത്തിൽ ഈ ഭരണത്തിൽ ജനങ്ങൾ അങ്കലാപ്പിലാണ്. ഇതെല്ലാം യുഡിഎഫിന് അനുകൂലമായി ചിന്തിക്കാൻ ജനത്തെ പ്രേരിപ്പിക്കും.

മലബാർ മേഖലയിൽ ലീഗ് ചരിത്ര വിജയം നേടും എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരുണ്ട്. 

അതെ. 2010 ൽ ഏതാണ്ട് ഒരു തൂത്തുവാരലുണ്ടായിരുന്നു. അതേ സാഹചര്യമാണ് ഇപ്പോഴും കാണാവുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഒന്നോ രണ്ടോ ഡിവിഷനിൽ മാത്രമാണ് നല്ല  മത്സരം പോലും നടക്കുന്നുള്ളൂ.

പി.കെ. കുഞ്ഞാലിക്കുട്ടി(ഫയൽ ചിത്രം)
പി.കെ. കുഞ്ഞാലിക്കുട്ടി(ഫയൽ ചിത്രം)

തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വിജയശതമാന ശേഷി ഇപ്പോൾ കേരളത്തിലുള്ളത് ലീഗിനാണ്. തുടർച്ചയായ വിജയങ്ങളുടെ രഹസ്യം എന്താണ്?

അച്ചടക്കവും പാണക്കാട് ഹൈദരാലി തങ്ങളുടെ നേതൃത്വത്തോടുള്ള പ്രതിബദ്ധതയുമാണു കാരണം. ജീവകാരുണ്യ രംഗത്തെ ലീഗിന്റെ പ്രവർത്തനങ്ങളും ജനത്തെ വലിയ തോതിൽ ആകർഷിക്കുന്നു. മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങൾ കൂടെ ഉണ്ട്. സംഘടനാ ശക്തി സേവനത്തിന് ഉപയോഗിക്കുക എന്നതാണു ലീഗിന്റെ പ്രവർത്തന രീതി.

P-K-Kunhalikutty
പി.കെ. കുഞ്ഞാലിക്കുട്ടി

വെൽഫെയർ പാർട്ടി ബന്ധത്തിന്റെ പേരിൽ യുഡിഎഫിൽ ആശയക്കുഴപ്പമുണ്ട്. കോൺഗ്രസിൽ തന്നെ ഇക്കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. എന്താണ് ലീഗിന്റെ നിലപാട്.

ചില വാർത്താ മാധ്യമങ്ങളിൽ എല്ലാം ഇതു സംബന്ധിച്ചു വാർത്തകൾ വരുന്നു എന്നല്ലാതെ ഫീൽഡിൽ ഈ വിവാദത്തിന് ഒരു പ്രസക്തിയുമില്ല. യുഡിഎഫിനു പുറത്ത് ആരുമായും  ഞങ്ങൾക്കു രാഷ്ട്രീയ സഖ്യമില്ല. ചില വാർ‍ഡുകളിലും മറ്റും അവിടുത്തെ രാഷ്ട്രീയ സ്ഥിതിയുടെ അടിസ്ഥാനത്തിൽ ചില കൂട്ടുകെട്ടുകളുണ്ടാകും.

പ്രാദേശികമായ ആ കൂട്ടുകെട്ടുകൾക്ക്  രാഷ്ട്രീയ പ്രാധാന്യമില്ല. ഏതെങ്കിലും ഒരു വാർഡ് ചൂണ്ടിക്കാട്ടി രാഷ്ട്രീയ സഖ്യം എന്നെല്ലാം പറഞ്ഞിട്ടു കാര്യമില്ല. എസ്ഡിപിഎയുമായും ബിജെപിയുമായും വരെ എൽഡിഎഫ് കൂട്ടുകെട്ട് ഉണ്ടാക്കും. എന്നിട്ട് തിരിച്ചു ആരോപണം ഉന്നയിക്കും. അത് അവരുടെ രീതിയാണ്.

സാമ്പാർ മുന്നണി ഇത്തവണ ഒഴിവാക്കിയതു ലീഗിന്റെ നേട്ടമാണോ?

സാമ്പാർ എന്നത് മുന്നണിക്ക് ഞങ്ങൾ ഇട്ട പേരാണ്. ലീഗ് തുടർച്ചയായി ജയിക്കുന്ന ഇടത്ത്  ലീഗല്ലാത്ത എല്ലാവരെയും കൂട്ടാനാണ് സിപിഎം നോക്കിയത്. അതിൽ ബിജെപിയും എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും കോൺഗ്രസിലെ അസംതൃപതരായ ആളുകളും എല്ലാം ഉണ്ടായി. അത്തരം കഷണങ്ങൾ ഒന്നായി വന്നപ്പോൾ ഇട്ട പേരാണു സാമ്പാർ.

ഇത്തവണ അതു നടക്കാതെ വന്നതോടെയാണ് വെൽഫെയറിന്റെ കാര്യം പറഞ്ഞു സിപിഎം  ബഹളം വയ്ക്കാൻ തുടങ്ങിയത്. എന്നിട്ട് കിട്ടിയ ഇടത്തെല്ലാം പ്രാദേശികമായി സിപിഎം വെൽഫെയർ പാർട്ടിയുമായും എസ്ഡിപിഐയുമായും കൂടുന്നുണ്ട്. പ്രാദേശികമായി അവർക്ക് ഈ പാർട്ടികളുമായി സഖ്യമുള്ള സ്ഥലങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും.

pk-kunhalikutty-speaks
പി.കെ. കുഞ്ഞാലിക്കുട്ടി ഒരു രാഷ്ട്രീയ യോഗത്തിൽ. – ഫയൽ ചിത്രം.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു ബിജെപി കേരളത്തിൽ രാഷ്ട്രീയം കളിക്കുകയാണ് എന്ന സിപിഎമ്മിന്റെ ആരോപണത്തെ ലീഗ്  ശക്തമായി എതിർക്കുന്നതു കാണാറില്ല

ലീഗ് എതിർക്കുന്നുണ്ടല്ലോ. തങ്ങൾക്കെതിരെ നീങ്ങുമ്പോൾ മാത്രം കേന്ദ്ര ഏജൻസികൾ ചീത്ത, ഇഷ്ടപ്പെട്ട അന്വേഷണം നടക്കുമ്പോൾ നല്ലത് എന്ന ഇരട്ടത്താപ്പ് പക്ഷേ ഞങ്ങൾക്കില്ല. അന്വേഷണം നേരായ വഴിക്കു പോകുന്നു എന്നു മുഖ്യമന്ത്രി അല്ലേ പറഞ്ഞത്? ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല. ഓരോ അന്വേഷണത്തിന്റെയും മെറിറ്റിലാണ് ഞങ്ങൾ വർത്തമാനം പറഞ്ഞത്.

ലീഗ് നേതാക്കളായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.എം.ഷാജി എന്നിവർക്കെതിരെയും കേന്ദ്ര അന്വേഷണം നടക്കുന്നതു കൊണ്ടാണോ?

ആ സംശയത്തിന് അടിസ്ഥാനമില്ല. സിപിഎമ്മിന്റെ ശൈലി സ്വീകരിച്ച് കേന്ദ്ര ഏജൻസികൾക്കെതിരെ സമരം നടത്താൻ ഞങ്ങൾ ഇല്ല. കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തലിനെക്കുറിച്ച് അഖിലേന്ത്യാ തലത്തിൽ ഞങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

PK-Kunhalikutty
പി.കെ. കുഞ്ഞാലിക്കുട്ടി

ജയിലിലായ രണ്ടു നേതാക്കളും ലീഗ് എംഎൽഎമാരാണ്. രണ്ടും അഴിമതിക്കേസും. തലവേദനയല്ലേ അത്.

എം.സി.കമറുദ്ദീന്റേത് അഴിമതിക്കേസല്ല. ബിസിനസ് പൊളിഞ്ഞതിനു ജയിലിൽ ആക്കണമെങ്കിൽ ഒട്ടേറെ നിക്ഷേപകരെ ജയിലിലാക്കേണ്ടി വരും. അദ്ദേഹം എംഎൽഎ ആയ സമയത്തല്ല ബിസിനസ് തുടങ്ങിയത്. സർക്കാരിനെതിരെ സ്വർണക്കേസ് ഉയർന്നപ്പോൾ അതിനു പകരം ചെയ്തതാണ്. അതു കാലം തെളിയിക്കും. അധികാരം ഉപയോഗിച്ച് ഒരാളെ വെറുതെ ജയിലിലാക്കി. എന്നതാണു സത്യം.

കാശു കൊടുക്കാനുള്ളതും ബിസിനസ് പൊളിഞ്ഞതും ചെക്ക് തിരിച്ചു വന്നതുമായ അനുഭവം  എൽഡിഎഫ് എംഎൽഎമാർക്കും ഉണ്ടായിട്ടുണ്ട്. എന്നിട്ട് അറസ്റ്റു ചെയ്തോ? പേരു പറയുന്നില്ല. ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തു ‌പ്രതി ചേർത്തിട്ട് കൊല്ലം ഒന്നായി. ഒരു ദിവസം രാവിലെ തോന്നിയപ്പോൾ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. തിരഞ്ഞെടുപ്പ്  മുന്നിൽ കണ്ടു ചെയ്തതാണ്. രോഗിയായ അദ്ദേഹത്തോട് ഒരു മാനുഷിക പരിഗണനയും കാട്ടിയില്ല. ഒരു ദയയും ഇല്ലാതെയാണു പെരുമാറിയത്. ഒരു കേന്ദ്ര ഏജൻസിയും ഇങ്ങനെ നിർദാക്ഷിണ്യത്തോടെ പെരുമാറിയിട്ടില്ല.

ലീഗിനെ രാഷ്ട്രീയമായി സിപിഎം ഉന്നം വയ്ക്കുന്നുണ്ടോ? 

ആണല്ലോ. പക്ഷേ ലീഗിന്റെ ആത്മവീര്യത്തെ  ബാധിക്കില്ല. കമറുദ്ദീനെ  വെറുതെ ജയിലിലിട്ടതാണ് എന്നു ജനത്തിനു മനസ്സിലായി. ഇബ്രാഹിംകുഞ്ഞിനെതിരെ കൃത്രിമ തെളിവുണ്ടാക്കി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നു. കെ.എം.ഷാജിക്കെതിരെ നടക്കുന്ന അന്വേഷണവും ഇതിന്റെ ഭാഗമാണ്.

∙ ലീഗിന്റെ അപ്രമാദിത്തം യുഡിഎഫിനെ അനുകൂലിക്കുന്ന ക്രിസ്ത്യൻ വിഭാഗങ്ങൾക്കു സുഖിക്കുന്നില്ല എന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് തുടർച്ചയായി ആരോപിക്കുന്നത് 

പിടിക്കാത്തതു ബിജെപിക്കാണ്. ക്രിസ്ത്യൻ വിഭാഗവുമായും സഭാ മേലധ്യക്ഷന്മാരുമായി ലീഗിനു നല്ല ബന്ധമാണുള്ളത്. ആ ബന്ധമാണ് യഥാർഥത്തിൽ ബിജെപിക്ക് സുഖിക്കാത്തത്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കു രുചിക്കുന്നില്ല എന്നതെല്ലാം ബിജെപി പറയേണ്ട കാര്യവുമില്ല. ഈ ബിജെപിയെ അവർക്കു പിടിക്കുന്നുണ്ടോ? അവരുടെ അഭിപ്രായത്തിന്റെ കുത്തക ബിജെപി പോലെ ഒരു പാർട്ടി പറയേണ്ട കാര്യമല്ല. കേരളത്തിലും ഇന്ത്യയിലും അതല്ലല്ലോ സാഹചര്യം. 

pk-kunhalikkutty-meeting
പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. – ഫയൽ ചിത്രം.

സ്ഥാനാർഥി നിർണയത്തിൽ ലീഗ് തലമുറ മാറ്റം തന്നെ നടപ്പാക്കി? ടേം നിബന്ധന കർശനമാക്കി. പുതു തലമുറ അങ്ങനെ കടന്നു വരുമ്പോൾ ഒഴിവാക്കപ്പെട്ടവർ അതൃപ്തിയിൽ അല്ലേ?  

സംഘടനാതലത്തിൽ അവരുടെ സേവനം ഉപയോഗപ്പെടുത്തും. ലീഗിൽ എല്ലാവർക്കും പണിയുണ്ട്. ആർക്കും ജോലി ഇല്ലാത്ത സ്ഥിതി ഇല്ല. മാറിയവർക്കു പുതിയ ഉത്തരവാദിത്തം  കൊടുക്കും. ജനപ്രതിനിധികളാകുക എന്നത് ഒരു റോളാണ്. മറ്റു റോളുകളും ഉണ്ടല്ലോ. സ്ഥാനം ശാശ്വതമായി ചിലർക്കു നഷ്ടപ്പെട്ടു എന്നുമില്ല. മാറി കൊടുത്തവർക്കു വേറെ രംഗങ്ങളും ഉരുത്തിരിഞ്ഞുവരും. പുതു തലമുറയ്ക്ക് ഇതു പോലെ പ്രാതിനിധ്യം കൊടുത്തതു ലീഗിന്റെ സംഘടനാപരമായ ബലമാണു വ്യക്തമാക്കുന്നത്. മറ്റാർക്കും അതിനു കഴിഞ്ഞിട്ടില്ല.

kunhalikutty-oommen
ഉമ്മൻചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും

ഈ പുതുതലമുറ മാറ്റം, യുവാക്കൾക്ക് കുടുതൽ അവസരം.., നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമോ? 

എടുത്ത തീരുമാനമല്ലേ എനിക്ക് പറയാൻ കഴിയൂ. ഇപ്പോൾ നിയമസഭയുടെ കാര്യം തീരുമാനിച്ചിട്ടില്ല. ആ ഘട്ടമാകട്ടെ.

pk-kunhalikutty-smilel
പി.കെ. കുഞ്ഞാലിക്കുട്ടി

യുഡിഎഫിൽനിന്നു ഘടകകക്ഷികൾ ചിലതു വിട്ടുപോയി, ഇതു മൂലം 15 നിയമസഭാ സീറ്റുകളോളം ആർക്കും അവകാശപ്പെടാതെ ഉണ്ട്. അതിൽ‍നിന്ന് ഒരു വിഹിതം ലീഗ് ചോദിക്കില്ലേ?

അതെല്ലാം ഓരോ സീറ്റിന്റെ സ്വഭാവം അനുസരിച്ച് ചെയ്യേണ്ട കാര്യമല്ലേ. ഓഹരി എന്ന നിലയിൽ മാത്രമല്ലല്ലോ. സംഘടനാബലം കൊണ്ട് മുസ്‌ലിം ലീഗിന് അവകാശപ്പെടാവുന്ന ഒരു പാട് നിയമസഭാ സീറ്റുകളുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും വിട്ടുവീഴ്ച ചെയ്താണ് ലീഗ് പോകുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴത്തെ സ്ഥിതി നോക്കി അഭിപ്രായം പറയാം. ഇപ്പോൾ അതിനെക്കുറിച്ചുള്ള പ്രതികരണം ആവശ്യമില്ലാത്ത വിവാദമാകും. ആ ചർച്ച നടത്തേണ്ട സമയമല്ല ഇത്.

pk-kunhalikutty-thought
പി.കെ. കുഞ്ഞാലിക്കുട്ടി

അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിനും കമറുദ്ദീനും വീണ്ടും സീറ്റ് നൽകുമോ?

അതും ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ല. അവരെ സർക്കാർ ഒന്നു കൂടി പീഡിപ്പിക്കുന്ന സാഹചര്യത്തിനു വഴിവയ്ക്കേണ്ട കാര്യമില്ല. 

pk-kunhalikutty-symbol
പി.കെ. കുഞ്ഞാലിക്കുട്ടി

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന് ഒരു വനിതാ  സ്ഥാനാർഥി ഉണ്ടാകുമോ ?

തദ്ദേശ തിരഞ്ഞെടുപ്പിൽ ധാരാളം വനിതാ ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. നിയമസഭയുടെ കാര്യം ഇപ്പോഴേ പറയാറായിട്ടില്ല.

പി.കെ. കുഞ്ഞാലിക്കുട്ടി എംപി നിയമസഭയിലേക്കു മത്സരിക്കുമോ എന്ന വലിയ ചോദ്യം ഉയർന്നു കഴിഞ്ഞു?  

അതും ഇപ്പോൾ പറയാൻ കഴിയില്ല. അങ്ങനെ ഒരു കാര്യവും ചർച്ച ചെയ്യേണ്ട സമയമല്ല. വരട്ടെ നോക്കാം.

pk-kunhalikutty-mlu
പി.കെ. കുഞ്ഞാലിക്കുട്ടി

പലപ്പോഴും കിസിഞജ്റുടെ റോളാണ് കുഞ്ഞാലിക്കുട്ടിക്കു യുഡിഎഫിലുള്ളത്. താങ്കൾ മുൻകൈ എടുത്തിട്ടും ജോസ് കെ.മാണി വിഭാഗത്തെ നിലനിർത്താൻ കഴിയാഞ്ഞതു വേദനയുണ്ടാക്കിയോ?

അത് അവർ തീരുമാനിച്ച് ഉറച്ച് നിന്നതുകൊണ്ടാണു പറ്റാതെ പോയത്. കെ.എം.മാണി എനിക്ക് ഫ്രീ ഹാൻഡ് തന്നിരുന്നു. ഇപ്പോൾ അതുണ്ടായില്ല. പുതിയ തലമുറ അല്ലേ. കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമായതോടെ ഒരു വിഭാഗത്തെ സ്വീകരിക്കാൻ പ്രാദേശികമായി കോൺഗ്രസ് നിർബന്ധിതവുമായി. അതിൽ ഞാൻ വിഷമിച്ചിട്ട് കാര്യമില്ല. കെ.എം.മാണി ഉണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നില്ല.

km-mani-kunhalikutty
കെ.എം.മാണിക്കൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടി. പി.ജെ.ജോസഫ് സമീപം.

ഒടുവിൽ താങ്കളുടെ ഫോൺ എടുക്കാത്ത നിഷേധാത്മക മനോഭാവം ജോസ് കാട്ടിയോ? 

യുഡിഎഫ് നേതാക്കളുടെ മൊത്തം ഫോൺ എടുക്കാത്ത ഒരു സമയം വന്നിരുന്നു. അവർ നേരത്തെ ഒരു തീരുമാനം എടുത്തതിന്റെ ഭാഗമായി ചെയ്തതാണ്. 

വടകര കല്ലാമല ഡിവിഷനിലെ ഒരു ചിഹ്ന തർക്കം കോൺഗ്രസ് സംസ്ഥാനതല ഭിന്നതയാക്കിയപ്പോൾ എന്തു തോന്നി? 

സ്ഥാനാർഥി നിർണയത്തിന്റെ പ്രാരംഭഘട്ടത്തിൽ  ഇത്തരം ചില സംവാദങ്ങൾ  സ്വാഭാവികമാണ്. അതിനു  കെപിസിസി പ്രസിഡന്റു തന്നെ മുൻകൈ എടുത്തു ഫുൾ സ്റ്റോപ് ഇട്ടല്ലോ. അതു നന്നായി.

English Summary: Crossfire interview with Muslim League National General Secretary PK Kunhalikuttty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com