ADVERTISEMENT

കൊച്ചി ∙ ആർബിഐയുടെ നയപ്രഖ്യാപന പിന്തുണയിൽ പുതിയ റെക്കോർഡ് മുന്നേറ്റം സ്വന്തമാക്കിയ ഇന്ത്യൻ വിപണി അടുത്ത ആഴ്ചകളിലും കുതിപ്പ് പ്രതീക്ഷിക്കുന്നു. അമേരിക്കൻ വിപണിയിലെ ചലനങ്ങൾ ഏഷ്യൻ വിപണിക്കൊപ്പം ഇന്ത്യൻ വിപണിക്കും നിർണായകം. വിപണി അതിന്റെ ഉയർന്ന തലത്തിൽ നിൽക്കുമ്പോൾ വരുന്നയാഴ്ചയുടെ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

കഴിഞ്ഞ വാരം 13000 പോയിന്റിനു മുകളിൽ ക്രമപ്പെട്ട് 13280 പോയിന്റ്‌ എന്ന പുതിയ റെക്കോർഡിട്ട ശേഷം 13250 പോയിന്റിന് മുകളിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യൻ വിപണിക്ക് അടുത്ത വാരം പ്രധാനമാണ്. കഴിഞ്ഞ ഒരു മാസം കൊണ്ട് 8 ശതമാനത്തിനു മുകളിലും കഴിഞ്ഞ അഞ്ചു ദിവസങ്ങൾ കൊണ്ട് 250 പോയിന്റിനു മേലും മുന്നേറ്റം നേടിയ നിഫ്റ്റി അടുത്തയാഴ്ച 13500 പോയിന്റിലേക്കുള്ള യാത്ര തുടരുമെന്ന് കരുതുന്നു. സെൻസെക്സിന്റെ വളരെ നിർണായകമായ 45000 പോയിന്റ് നേട്ടം നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല.

5000 പോയിന്റ് പിന്നിടാൻ ബോംബെ സൂചികയ്ക്കും ബാങ്ക് നിഫ്റ്റിക്കും ഒരു മാസം മാത്രം മതിയായി എന്നതും ഇന്ത്യൻ വിപണിയിൽ ദീർഘകാല നിക്ഷേപ സാധ്യത വെളിവാക്കുന്നു. ഇന്ത്യൻ വിപണിയിലെ ‘റെക്കോർഡ്’ മൂന്നാംപാദ ഫല പ്രഖ്യാപനത്തിന് ഒരു മാസം മാത്രം ശേഷിക്കെ, ഒരു വാങ്ങൽ അവസരത്തിനായി നിക്ഷേപകർ കാത്തിരിക്കുന്നത് അടുത്ത തിരുത്തലിന്റെ ആഘാതം കുറച്ചേക്കാം. വിപണിയിലെ അടുത്ത തിരുത്തൽ മികച്ച അവസരമാണ്. മൂന്നാം പാദ ഫലപ്രഖ്യാപനം മുന്നിൽ കണ്ട് വിപണിയിൽ നിക്ഷേപം തുടരുക.

അമേരിക്കൻ ഡയറി 

കോവിഡ് വ്യാപന വാർത്തയ്ക്കുമപ്പുറം കോവിഡ് വാക്സീൻ വാർത്തകൾക്കു കിട്ടുന്ന പ്രാമുഖ്യമാണ് ലോക വിപണിയുടെ കഴിഞ്ഞ ഒരു മാസത്തെ ചരിത്രം. എന്നാൽ അമേരിക്കൻ സ്റ്റിമുലസ് ചർച്ചകൾ കൂടി വാർത്തകളിൽ നിറഞ്ഞു തുടങ്ങുന്നത് വിപണിക്കു മുന്നേറ്റ സാധ്യത നൽകുന്നു. എങ്കിലും സുപ്രധാന നടപടികളുടെ അഭാവം പാദഫലപ്രഖ്യാപനം വരെ വിപണിയിൽ ക്രിസ്മസ്-ന്യൂ ഇയർ ആലസ്യം കൊണ്ടു വന്നേക്കാം. എങ്കിലും വിപണി പ്രതീക്ഷിക്കുന്ന വൻ തിരുത്തലിനുള്ള സാധ്യത വാക്സീനുകൾ വിജയകരമായി കടന്നു പോയാൽ കുറവായിരിക്കും.

വ്യക്തിഗത നിക്ഷേപകരുടെ ലാഭമെടുക്കലുകൾ ഫണ്ടുകൾ നിക്ഷേപാവസരമായി കാണാനാണ് സാധ്യത. അമേരിക്കൻ വിപണിയുടെ സ്വാധീനത്തേക്കാൾ അമേരിക്കൻ ഫണ്ടുകളുടെ സ്വാധീനത്തിലാണ് ഇന്ത്യൻ വിപണി എന്നതും വളരെ പ്രധാനമാണ്. ഓഹരി വിലയേക്കാൾ ഓഹരി വിലയുടെ സഞ്ചാര ദിശയ്ക്കാണ് നിക്ഷേപകർ പ്രാധാന്യം കൊടുക്കേണ്ടത്. വിപണിക്കൊപ്പവും വിപണിക്ക് മുമ്പേയും സഞ്ചരിക്കാം, വിപണിയുടെ പിന്നാലെയല്ല.

ആർബിഐ നയാവലോകനം 

ഓഹരി വിപണിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കിണങ്ങിയ നയപ്രഖ്യാപനം നടത്തുന്നതിൽ ഇത്തവണ ശക്തികാന്ത ദാസ് വിജയിച്ചു. ഉയരുന്ന പണപ്പെരുപ്പ നിരക്കുകളും ആഭ്യന്തര ഉൽ‍പാദന വളർച്ചാശോഷണവും കണക്കിലെടുത്ത്, അടിസ്ഥാന വായ്പ നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചു. നടപ്പു സാമ്പത്തിക വർഷത്തെ അഭ്യന്തര ഉൽപാദന വളർച്ചാശോഷണം മുൻ എസ്റ്റിമേറ്റായ 9.5% നിന്നു 7.5% ആയി കുറയുമെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി ‘വളർച്ച’ പ്രഖ്യാപിച്ചതും വിപണിയുടെ ആത്മവിശ്വാസം ഉയർത്തി. 

ഫയൽ ചിത്രം (AFP PHOTO/HOANG DINH Nam)
ഫയൽ ചിത്രം (AFP PHOTO/HOANG DINH Nam)

റിപ്പോ നിരക്ക് 4% തന്നെയായി തുടരുമ്പോൾ, അടുത്ത ദ്വൈമാസാവലോകനം വരെ ‘അക്കൊമഡേറ്റീവ്’ നയം തുടരാനുമാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം. രാജ്യാന്തര വിപണിയിൽ നിന്നും ഇന്ത്യയിലേക്കൊഴുകുന്ന പണവും, മെച്ചപ്പെടുന്ന ‘ബാലൻസ് ഓഫ് ട്രേഡ്’ പിന്തുണയിൽ കുമിഞ്ഞു കൂടുന്ന വിദേശ പണവും ബാങ്കിങ് ചാനലിലൂടെ പൊതുവിപണിയിലെത്തുന്നതും, പൊതു വിപണിയിലെ പണത്തിന്റെ ക്രയവിക്രയത്തോത് മുൻ വർഷത്തെ ആദ്യ പകുതിയേക്കാൾ ഇരട്ടിയായതും സ്വാഭാവികമായും പണപ്പെരുപ്പം ഉയർത്തുമെന്നതും ആർബിഐ കണക്കിലെടുത്തു. 

എങ്കിലും ഇന്ത്യൻ ഇക്കണോമിയുടെ സ്വാഭാവിക വളർച്ച മാത്രം കണക്കാക്കി അനുമാനങ്ങൾ നടത്തുക മാത്രമാണ് ആർബിഐ ചെയ്തത്. എന്നാൽ അമേരിക്കൻ ഫെഡ് റിസർവ് പണപ്പെരുപ്പത്തോതിനെ ഉയരാനനുവദിച്ചു കൊണ്ട് ‘സ്റ്റിമുലസ് പാക്കേജ്’ വഴി പണം ജനങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതു പോലെ, രാഷ്ട്രത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് കുറഞ്ഞ നിരക്കിൽ പണം ലഭ്യമാക്കേണ്ട ഏറ്റവും അനുകൂല സമയത്ത് റിപ്പോ നിരക്കുകൾ കുറയ്ക്കാതെ വിട്ടതു ഭാവന ശൂന്യതയാണെന്നു തന്നെ കരുതുന്നു.

ഓഹരികളും സെക്ടറുകളും 

∙ സ്‌മോൾ ക്യാപ് സെക്ടർ കഴിഞ്ഞ ഒരു മാസം കൊണ്ട് 17% മുന്നേറി. മാനുഫാക്ച്ചറിങ്, ടെക്സ്റ്റൈൽ, ടെലികോം ടെക്-മാനുഫാക്ച്ചറിങ്, സ്പെഷ്യാലിറ്റി, കെമിക്കൽ, ഹോസ്പിറ്റാലിറ്റി, പൊതുമേഖല, ഇൻഫ്രാ മുതലായ മേഖലകളിലെ സ്‌മോൾ ക്യാപ് ഓഹരികൾ ഇനിയും വലിയ മുന്നേറ്റം നേടിയേക്കാം. അടിസ്ഥാന ഘടകങ്ങൾ  മികച്ചതായ ചെറുകമ്പനികളെ തേടി വിദേശ നിക്ഷേപകർ വരുമെന്നത് വ്യക്തിഗത നിക്ഷേപകർ കണക്കിലെടുക്കുന്നത് പോർട്ഫോളിയോകൾക്ക് വളർച്ച നൽകും. ഇന്ത്യൻ വിപണിയിലേക്ക് അമേരിക്കൻ ഫണ്ടിന്റെ കുത്തൊഴുക്കിൽ മികച്ച ഓഹരികളെല്ലാം ഉയർന്ന വില കണ്ടെത്തുന്നത് ദീർഘകാല നിക്ഷേപകർക്ക് ഓഹരി തിരഞ്ഞെടുപ്പു ദുർഘടമാക്കും.

·∙കഴിഞ്ഞ മൂന്നു വർഷങ്ങളിലും 20 ശതമാനത്തിനും മുകളിൽ ലാഭ-വരുമാന വളർച്ചകളുണ്ടായിട്ടുള്ള കമ്പനികൾ ദീർഘകാല നിക്ഷേപങ്ങൾക്ക് പരിഗണിക്കാം. ബജാജ് ഫിനാൻസ്, ആംബർ എന്റർപ്രൈസസ്, എസ്ബിഐ കാർഡ് മുതലായ ഓഹരികൾ ഈ ഗണത്തിൽ പെടുന്നു.

∙ മാർച്ചിനു ശേഷം ഇന്ത്യൻ മെറ്റൽ സെക്ടർ അതിശക്തമായ മുന്നേറ്റമാണ് നേടിയത്. ജിൻഡാൽ സ്റ്റീൽ കഴിഞ്ഞ ഒൻപത് മാസങ്ങൾ കൊണ്ട്  200% മുന്നേറ്റം നേടിയപ്പോൾ ജെഎസ്ഡബ്ല്യു സ്റ്റീലും, ഹിൻഡാൽക്കോയും 140 ശതമാനത്തിനു മുകളിലും, ടാറ്റ സ്റ്റീൽ, സെയിൽ എന്നിവ 110 ശതമാനത്തിന് മുകളിലും  മുന്നേറ്റം നേടി. നാൽകോ, വേദാന്ത, ഹിന്ദ് സിങ്ക്, എൻഎംഡിസി മുതലായ ഓഹരികളും നേട്ടം സ്വന്തമാക്കി. ലോക സമ്പദ് വ്യവസ്ഥയുടെ പൂർണമായ തിരിച്ചു വരവും, രാജ്യാന്തര-ആഭ്യന്തര വിപണികളിലെ വില മുന്നേറ്റവും മെറ്റൽ ഓഹരികളുടെ ജൈത്രയാത്ര ഇനിയും തുടരുന്നതിന് കാരണമാകും.

1200-stock-market

∙ വ്യോമയാന മേഖലയുടെ ഗംഭീര തിരിച്ചുവരവ് വിപണി ആഘോഷമാക്കി. വിമാനങ്ങളുടെ 80% കപ്പാസിറ്റിയും ഉപയുക്തമാക്കാവുന്നതും കോവിഡ് വാക്സിൻ നീക്കവും വ്യോമയാന കമ്പനികളുടെ പ്രശ്നപരിഹാരമാകുമെന്ന് വിപണി കരുതുന്നു. രാജ്യാന്തര വ്യോമഗതാഗതം പുനഃസ്ഥാപിക്കപ്പെടുന്നത് ഇന്ത്യൻ വ്യോമയാന ഒാഹരികൾക്ക് വൻ കുതിപ്പ് നൽകും. സ്‌പൈസ് ജെറ്റിന് 120 രൂപയും, ഇൻഡിഗോയ്ക്ക് 2200 രൂപയും ദീർഘകാല ലക്ഷ്യം ഉറപ്പിക്കാം.

∙ ചൈനീസ് ഉടമസ്ഥരാൽ നിയന്ത്രിക്കപ്പെടുന്ന തായ്‌ലൻഡ് ടയർ കമ്പനികളുടെ ടയറുകൾക്ക് മേലും ആന്റി ഡംപിങ് ഡ്യൂട്ടി ഏർപ്പെടുത്താൻ വാണിജ്യ മന്ത്രാലയം നിർദേശം സമർപ്പിച്ചത് ഇന്ത്യൻ ടയർ കമ്പനികൾക്ക് അനുകൂലമായി. ഇന്ത്യൻ ടയർ ഓഹരികൾ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു. ടിവിഎസ് ശ്രീചക്ര, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, അപ്പോളോ ടയർ, ജെകെ ടയർ എന്നിവ അടുത്ത ഇറക്കത്തിൽ സ്വന്തമാക്കാം.

∙ ഒക്ടോബറോടെ ഇന്ത്യൻ നിർമാണ മേഖലയുടെ വീണ്ടെടുക്കപ്പെട്ട വേഗം വ്യവസായ മേഖലകളിലെ കോവിഡ് വ്യാപനത്തോടെ വീണ്ടും നഷ്ടപ്പെട്ടു തുടങ്ങുന്നതു വിപണിക്ക് ആശങ്കയാണ്. ഉൽപാദക, കയറ്റുമതി ഓഹരികൾ പോർട്ഫോളിയോകളിൽ അടുത്ത ഇറക്കത്തിൽ പരിഗണിക്കാം. ഡിക്‌സൺ, ആംബർ, പോളിക്യാബ്, വോൾട്ടാസ്, ഹാവൽസ്, ബാറ്റ മുതലായ ഓഹരികൾ പ്രത്യേകം ശ്രദ്ധിക്കുക.

∙ ടാറ്റ മോട്ടോഴ്‌സ് മുൻ വർഷത്തിൽനിന്നു 26% മുന്നേറ്റത്തോടെ 47,859 വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ‌ വിറ്റഴിച്ചു. കാറുകളുടെ വിൽപന 21,641 യൂണിറ്റിലൊതുങ്ങിയപ്പോൾ വാണിജ്യ വാഹനങ്ങളുടെ വിൽപന മുന്നേറിയത് ഓഹരിക്ക് അനുകൂലമാണ്. 220 രൂപയാണ് ഓഹരിയുടെ അടുത്ത ലക്ഷ്യം.

∙ വിദേശ ബ്രാൻഡുകളുടെയും സ്വദേശ ബ്രാൻഡുകളുടെയും കടുത്ത മത്സരത്തിനിടയിൽ 1.35 ലക്ഷം കാറുകളുടെ ഗേറ്റ് വിൽപന സ്വന്തമാക്കാനേ മാരുതിക്ക് കഴിഞ്ഞുള്ളൂ. എങ്കിലും മാരുതി കാറുകളുടെ കഴിഞ്ഞ മാസത്തെ റജിസ്ട്രേഷൻ സംഖ്യ ഉയർന്നത് ഓഹരിക്ക് മുന്നേറ്റം നൽകി.

∙ മഹീന്ദ്രയുടെ ട്രാക്ടർ വിൽപന 55% ആണ് മുൻ വർഷത്തിൽനിന്നും മുന്നേറിയത്. താറിന്റെ വിൽപന മുന്നേറ്റവും ഓഹരിക്ക് അനുകൂലമാണ്. മൂന്നു മാസങ്ങൾക്കുള്ളിൽ ഓഹരിക്ക് 1000 രൂപ വില പ്രതീക്ഷിക്കാം.

∙ ഹീറോ 14% വർധനവോടെ 591091 ബൈക്കുകളുടെ വിൽപനയും ബജാജ് ഓട്ടോ 7% മുന്നേറ്റവും നേടിയപ്പോൾ ടിവിഎസ് മുൻവർഷത്തിൽ നിന്നു 21% വിൽപന വർധനവു നേടിയത് ഓഹരിക്ക് വിപണിയിൽ മുൻതൂക്കം നൽകും. 600 രൂപയാണ് ടിവിഎസ് മോട്ടോഴ്സിന്റെ ദീർഘകാല ലക്ഷ്യം.

∙ ഹാർഡ്‍ലി ഡേവിഡ്സന്റെ ഇന്ത്യയിലെ വിൽപനക്കരാറിനൊപ്പം ഡീലർമാരെയും വിൽപന കേന്ദ്രങ്ങളും കൂടി സ്വന്തമാക്കുന്നതിലൂടെ ഹീറോ മോട്ടോഴ്സിന് ഉറപ്പായ വരുമാന വർധനവും ലാഭവർധനവുമാണ് മൂലധന മുടക്കില്ലാതെ ലഭ്യമാകുന്നത്. അടുത്ത പാദത്തിൽ ഓഹരിക്ക് 3500 രൂപ ദീർഘകാല ലക്ഷ്യം ഉറപ്പിക്കാം.

∙ റോയൽ എൻഫീൽഡിന് മുൻവർഷത്തിൽ നിന്നു 1% വിൽപന വർധന സാധ്യമായത് 250 സിസി വിപണിയുടെ 95% കയ്യാളുന്ന ഐഷർ മോട്ടോഴ്സിന് അനുകൂലമാണ്. 59804 ബുള്ളറ്റുകൾ വിറ്റ കമ്പനി കയറ്റുമതിയിൽ മുൻ വർഷത്തിൽ നിന്നു 122% മുന്നേറ്റം നേടിയതും ശ്രദ്ധിക്കണം. ഓഹരിക്ക് 3000 രൂപ ഹ്രസ്വകാല ലക്ഷ്യം ഉറപ്പിക്കാം.

∙ ബിപിസിഎല്ലിലെ 52.98% സർക്കാർ ഓഹരികൾ സ്വന്തമാക്കാനായി വേദാന്തയും ഗ്ലോബൽ ഫണ്ടായ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റുമടക്കം മൂന്ന് പ്രധാന കമ്പനികളുടെ താൽപര്യപത്രം ലഭിച്ചത് സർക്കാരിന്റെ ആദ്യ വിൽപന ഉദ്യമം വിജയകരമാക്കുമെന്ന ഉറപ്പ് തരുന്നു. പൊതുമേഖലാ ബാങ്കുകളും, മറ്റ് ഓഹരികളും വളരെ ആകർഷകമാണിപ്പോൾ.

1200-stock-market

∙ സർപൂഞ്ചി പല്ലോൺജി ടാറ്റയിൽനിന്നു പടിയിറങ്ങുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സുപ്രീം കോടതി അവസാനവട്ട വാദം കേൾക്കുന്നത് ടാറ്റ ഓഹരികൾക്ക് നിർണായകമാണ്. ടാറ്റയുടെ പുതിയ കാലഘട്ടമാണ് വരാൻ പോകുന്നത്.

∙ വലിയ മുന്നേറ്റം നേടിയ പവർ സെക്ടർ ഓഹരികളും ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കുക. ടാറ്റ പവർ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, പവർ ഗ്രിഡ്, ഐഇഎക്സ് എന്നിവയും പരിഗണിക്കാം.

സ്വർണം, ക്രൂഡ് 

സ്വർണവില രാജ്യാന്തര വിപണിയിൽ 1800 ഡോളറിനും 1880 ഡോളറിനുമിടയിൽ ക്രമപ്പെട്ടേക്കാം. എന്നാൽ ഓഹരി വിപണിയിലെ ഏതൊരു തിരുത്തലും സ്വർണ നിക്ഷേപങ്ങളുടെ തോത് വർധിപ്പിച്ചേക്കാമെന്നതും പ്രതീക്ഷയാണ്. ക്രൂഡ് വില മറ്റ് ബസ് മെറ്റലുകൾക്കൊപ്പം മുന്നേറ്റം നേടും. ബാരലിന് 55 രൂപ എന്ന നിരക്കിലായിരിക്കും ക്രൂഡ് ഓയിൽ 2020 അവസാനിപ്പിക്കുക.

Whatsapp : +91 8606666722

Email: buddingportfolios@gmail.com

*Disclaimer: അനുനിമിഷ സാഹചര്യങ്ങൾ വിപണിയിലെ കയറ്റിയിറക്കങ്ങളെ സ്വാധീനിക്കാമെന്നതിനാൽ വിൽക്കൽ വാങ്ങലുകൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. 

English Summary : Share market weekly analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com