അതിർത്തി സംഘർഷം: ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് ഇന്ത്യ; കുതിപ്പിൽ കയറ്റുമതി
Mail This Article
ന്യൂഡൽഹി ∙ അതിർത്തി പ്രശ്നം രൂക്ഷമാകുമ്പോഴും ചൈനയിലേക്കുള്ള കയറ്റുമതി വർധിപ്പിച്ച് ഇന്ത്യ. ചൈനയിൽനിന്നുള്ള ഇറക്കുമതി കുറയുകയും ചെയ്തു. കഴിഞ്ഞ 11 മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണു ചൈനീസ് കസ്റ്റംസ് വിവരങ്ങൾ പുറത്തുവിട്ടത്. ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 13% ശതമാനം കുറഞ്ഞപ്പോൾ അങ്ങോട്ടുള്ള കയറ്റുമതി 16% വർധിച്ചു.
അതിർത്തി പ്രശ്നം ചൈന രാഷ്ട്രീയവത്കരിക്കാത്തതിനാലാണ് ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വർധിച്ചതെന്നു ചൈനീസ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ചൈനീസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 19 ബില്യൻ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ചൈന ഇറക്കുമതി ചെയ്തത്.
ചൈന ഉൽപ്പന്നങ്ങൾ കയറ്റി അയയ്ക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഓർഗാനിക് കെമിക്കൽസ്, വളം, ആന്റിബയോട്ടിക്സ് എന്നിവ 2019ൽ ഏറ്റവും അധികം കയറ്റി അയച്ചത് ഇന്ത്യയിലേക്കാണ്. 2019ൽ ഇന്ത്യ– ചൈന വ്യാപാര ബന്ധം 92.82 ബില്യന്‍ ഡോളറിലെത്തിയിരുന്നു. ഇന്ത്യയിൽനിന്നു വൻതോതിൽ അരി ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. മൃഗങ്ങൾക്ക് നൽകുന്നതിനാണ് അരി ഉപയോഗിക്കുന്നത് എന്നാണു റിപ്പോർട്ട്.
Content Highlights: India’s imports from China dropped 13%