ADVERTISEMENT

ടെഹ്റാൻ (ഇറാൻ)∙ രാജ്യത്തെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനും പ്രമുഖ ആണവശാസ്ത്രജ്ഞനുമായ മൊഹ്സെൻ ഫക്രിസാദെയെ കൊലപ്പെടുത്തിയത് ഉപഗ്രഹ നിയന്ത്രിത മെഷീൻ ഗൺ ഉപയോഗിച്ച് തന്നെയെന്ന് സ്ഥിരീകരിച്ച് ഇറാൻ. റെവല്യൂഷണറി ഗാർഡ്‌സിന്റെ ഡപ്യൂട്ടി കമാൻഡർ റിയർ അഡ്മിറൽ അലി ഫഡാവിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നവംബർ 27ന് അവധിക്കാല വസതിയിൽനിന്നു ടെഹ്റാനിലേക്കു 11 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മടങ്ങുകയായിരുന്ന ഫക്രിസാദെയെ ഫെയ്സ് റിക്കഗനീഷൻ സംവിധാനമുള്ള മെഷീൻ ഗൺ ഉപയോഗിച്ചാണ് വെടിവച്ചത്. 

പിക്കപ് വാനിനു മുകളിൽ സ്ഥാപിച്ചിരുന്ന മെഷീൻ ഗണ്ണിൽനിന്ന് 13 റൗണ്ട് വെടിയാണ് ഉതിർന്നത്. ഫക്രിസാദെയുടെ മുഖം കൃത്യമായി തിരിച്ചറിഞ്ഞായിരുന്നു ആക്രമണം. കാറിൽ വെറും 25 സെന്റിമീറ്റർ മാത്രം അകലെയിരുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു പോറൽ പോലും ഏറ്റില്ലെന്നും അലി ഫഡാവി പറഞ്ഞു. ഏറ്റവും നൂതനമായ ക്യാമറയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുമുണ്ടായിരുന്ന മെഷീൻ ഗൺ സാറ്റ്‌ലൈറ്റിലൂടെ ഓൺലൈനായാണ് നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മൊഹ്സെൻ ഫക്രിസാദെയുടെ കൊലപാതകം സംബന്ധിച്ച് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങളിൽനിന്നുതന്നെ വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. 12 അംഗ സംഘം നേരിട്ടാണ് കൊലപാതകം നടത്തിയതെന്നും പിന്നണിയിൽ 50 അംഗ സംഘം പ്രവർത്തിച്ചതായും ഒരു മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേൽ സേനയുടെ മുദ്രയുള്ള ഉപകരണം സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതായി ദേശീയ ടെലിവിഷൻ നേരത്തേ റിപ്പോർട്ടു ചെയ്തിരുന്നു.  

വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇറാനിലെ അർധ ഔദ്യോഗിക വാർത്താ ഏജൻസി ഫാർസ് ന്യൂസും ഉപഗ്രഹ നിയന്ത്രിത ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് അൽ അലാം ടിവിയും റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയിരുന്നില്ല. ഇറാൻ ആണവ ശാസ്ത്രജ്ഞൻ മജീദ് ഷഹ്‌രിയാർ കൊല്ലപ്പെട്ടതിന്റെ പത്താം വാർഷകത്തിനു തൊട്ടു മുൻപായിരുന്നു ഇറാനെ ഞെട്ടിച്ച് പുതിയ കൊലപാതകം. യുഎസിൽ ട്രംപ് ഭരണകൂടം പടിയിറങ്ങുന്നതിനു തൊട്ടുമുൻപുണ്ടായ കൊലപാതകം മേഖലയിൽ വീണ്ടും സംഘർഷം വിതയ്ക്കുകയാണ്. 

ഇറാനിൽ ആണവായുധ നിർമാണത്തിനു വേണ്ടത്ര സമ്പുഷ്ട യുറേനിയം ഇല്ലെന്ന് ഉറപ്പാക്കുന്ന കരാറിന് ബൈഡന്റെ നേതൃത്വത്തിൽ പുതിയ ഭരണകൂടം ശ്രമിക്കുമെന്ന സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതാണിത്. ഫക്രിസാദെ മൊസാദിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്നും കൊലപാതകം ഇറാനു വലിയ തിരിച്ചടിയാണെന്നുമുള്ള മാധ്യമപ്രവർത്തകൻ യോസി മെൽമാന്റെ പോസ്റ്റ് ട്രംപ് റീട്വീറ്റ് ചെയ്തതും ചർച്ചയായി. അതേസമയം, ആക്രമണത്തിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്ന് ഇസ്രയേൽ ഇന്റലിജൻസ് മന്ത്രി എലി കോഹൻ പറഞ്ഞു. 

English Summary : Top nuclear scientist was assassinated with help of 'satellite device,' Iranian media reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com