സ്വർണക്കടത്ത്: റബിൻസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി
Mail This Article
കൊച്ചി ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ.ഹമീദിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതിയുടെ അനുമതി. സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തുടർച്ച എന്ന നിലയിൽ ഇയാളെ അടിയന്തരമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു കസ്റ്റംസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നാണു തീരുമാനം.
സ്വർണക്കടത്തിൽ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തിയ കേസിലെ 10–ാം പ്രതിയാണു റബിൻസ്. അഞ്ചും ആറും പ്രതികളായ കെ.ടി.റമീസ്, എം.എം.ജലാൽ എന്നിവർക്കൊപ്പം ഗൂഢാലോചന നടത്തി ദുബായിൽനിന്നു നയതന്ത്ര പാഴ്സലിൽ കേരളത്തിലേക്കു സ്വർണം കടത്തിയ റാക്കറ്റിലെ മുഖ്യപങ്കാളിയാണു റബിൻസ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസുകളുടെ പശ്ചാത്തലത്തിൽ യുഎഇയിൽനിന്നു നാടുകടത്തിയ ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെയായിരുന്നു എൻഐഎ അറസ്റ്റ് ചെയ്തത്.
English Summary : Gold smuggling case: Court gives permission to question Rabins