ADVERTISEMENT

ന്യൂഡല്‍ഹി∙ 20,000 കോടി രൂപ ചെലവാക്കി ഭരണസിരാകേന്ദ്രം മോടി പിടിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കു പിന്തുണയുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. പുതിയ പദ്ധതി രാജ്യാഭിമാനത്തിന്റെ അടയാളമായിരിക്കുമെന്നു ചൂണ്ടിക്കാട്ടി റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ദേശീയപ്രധാന്യമുള്ളതാണു സെന്‍ട്രല്‍ വിസ്ത പദ്ധതിയെന്നും റാവു വ്യക്തമാക്കി.

രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരത്താണു പദ്ധതി നടപ്പാക്കുന്നത്. കോവിഡ് കാലത്ത് കോടികള്‍ മുടക്കി പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ശിലാസ്ഥാപനം നടത്താമെങ്കിലും നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കരുതെന്നു സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. 

'ഉയര്‍ത്തെഴുന്നേറ്റ, ആത്മവിശ്വാസവും കരുത്തുമുള്ള പുതിയ ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെയും അന്തസിന്റെയും പ്രതാപത്തിന്റെയും അടയാളമായിരിക്കും സെന്‍ട്രല്‍ വിസ്ത. ദേശീയ പ്രാധാന്യമുള്ള പദ്ധതി എത്രയും പെട്ടെന്നു പൂര്‍ത്തീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.' - റാവു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാനത്തു നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമാണെന്നും നമ്മുടെ അധിനിവേശ ഭൂതകാലവുമായി ബന്ധപ്പെട്ടതാണെന്നും റാവു പറഞ്ഞു. 

ഹൈദരാബാദില്‍ 150 വര്‍ഷത്തെ ചരിത്രമുള്ള സെക്രട്ടേറിയറ്റ് മന്ദിരം പൊളിക്കാനുള്ള റാവുവിന്റെ നീക്കത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഈ അവസരത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ കേന്ദ്രത്തെ തുണച്ച് സംസ്ഥാന ബിജെപിയെ വെട്ടിലാക്കുകയെന്ന ലക്ഷ്യവും കെസിആറിനുണ്ട്. 600 കോടി മുടക്കി ആറു നിലകളില്‍ പുതിയ മന്ദിരം വേണമെന്നാണ് വാസ്തുവിദ്യയില്‍ വിശ്വാസമുള്ള കെസിആര്‍ ആഗ്രഹിക്കുന്നത്. ആറാണ് തന്റെ ഭാഗ്യനമ്പരെന്നും റാവു വിശ്വസിക്കുന്നു. കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിനെതിരെ അണിനിരന്ന ചന്ദ്രശേഖര്‍ റാവുവാണ് ഇപ്പോള്‍ സെന്‍ട്രല്‍ വിസ്തയെ പുകഴ്ത്തി കത്തെഴുതിയിരിക്കുന്നത്. 

ആയിരം കോടിയോളം ചെലവാക്കി നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നടത്താനിരിക്കുകയാണ്. ഇതിനു പിന്നാലെ ഭരണസിരാകേന്ദ്രത്തിലെ പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റി പുതിയ മന്ദിരങ്ങള്‍ നിര്‍മിക്കും. 

ധൃതി പിടിച്ച നടപടിക്രമങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകുന്നതില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചത് കേന്ദ്ര സര്‍ക്കാരിനു തിരിച്ചടിയായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികളാണു പദ്ധതിക്കെതിരെ കോടതിയിലുള്ളത്. ശിലാസ്ഥാപനവും കടലാസ് ജോലികളും നടത്താമെങ്കിലും ഒരു തരത്തിലുളള നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നു കോടതി പറഞ്ഞു. മരങ്ങള്‍ മുറിക്കാന്‍  പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com