മൂന്നാമതും വന്നില്ല, നടപടിക്ക് നിർദേശം തേടി ഇഡി; അടിയന്തരനീക്കം ഉണ്ടാകില്ല
Mail This Article
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരാകാത്ത സാഹചര്യത്തിൽ തുടർ നടപടിക്ക് നിർദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണ സംഘം. സോണൽ ഡയറക്ടറോടും ജോയിന്റ് ഡയറക്ടറോടുമാണ് ഇതു സംബന്ധിച്ച് ഉപദേശം തേടിയിരിക്കുന്നത്. വോട്ടെടുപ്പു നടക്കുന്ന രാഷ്ട്രീയ സാഹചര്യമുള്ളതിനാൽ വ്യാഴാഴ്ച അടിയന്തര നടപടിക്കു നീക്കമില്ലെന്നാണ് അറിയുന്നത്.
അതേസമയം, ചോദ്യം ചെയ്യലിനു ഹാജരാകാൻ രണ്ടാഴ്ച കൂടി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇഡിക്കു രവീന്ദ്രൻ കത്തു നൽകി. മെഡിക്കൽ കോളജിൽ ചികിത്സ നൽകുന്ന ഡോക്ടർമാരുടെ ശുപാർശക്കത്തോടെയാണു സാവകാശം തേടിയത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കടുത്ത തലവേദനയും കഴുത്തു വേദനയും അനുഭവപ്പെടുന്നതിനാല്‍ കൊച്ചി വരെ യാത്ര ചെയ്തു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കത്തിൽ പറയുന്നു.
ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി മൂന്നാം വട്ടവും കത്തു നൽകിയതിനു പിന്നാലെ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുടെ പേരിലാണു രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇദ്ദേഹത്തിനു വിദഗ്ധ പരിശോധന വേണമെന്നു മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. എംആർഐ സ്കാൻ എടുക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. രവീന്ദ്രന്റെ ആശുപത്രിവാസത്തിൽ പ്രതിപക്ഷം ഉൾപ്പടെയുള്ളവർ സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു.
English Summary: ED will take further actions against CM Raveendran