‘കള്ളക്കടത്തുകാരെ സഹായിച്ചു, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; സ്പീക്കർ രാജിവയ്ക്കണം’
Mail This Article
കാസർകോട് ∙ സ്പീക്കർ പദവി ദുരുപയോഗം ചെയ്തു സ്വർണക്കടത്തുകാരെ സംരക്ഷിച്ച പി.ശ്രീരാമകൃഷ്ണൻ പദവി രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്പീക്കർ കളങ്കിതനാകുന്നതു കേരളത്തെ ഞെട്ടിക്കുന്നു. കേട്ടുകേൾവിയില്ലാത്ത ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. സ്പീക്കർ പദവിയിൽ ഇരുന്നു കള്ളക്കടത്തുകാരെ സഹായിക്കുകയായിരുന്നു. ഇതിനു വ്യക്തമായ തെളിവുകളുണ്ട്. ഈ വിഷയത്തിൽ തൃപ്തികരമായ മറുപടി പോലും സ്പീക്കർക്കു നൽകാനാകുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ സിഎമ്മിന്റെ രവീന്ദ്രനാണ്. ഇടയ്ക്കിടെയുള്ള ആശുപത്രിവാസം സംശയകരമാണ്. രവീന്ദ്രന്റെ കയ്യിലുള്ള തെളിവുകൾ പുറത്തു വന്നാൽ മുഖ്യമന്ത്രി കുടുങ്ങും. ഉന്നത മെഡിക്കൽ സംഘത്തെ നിയോഗിച്ച് രവീന്ദ്രന്റെ ആരോഗ്യനില പുറത്തുവിടാൻ സർക്കാർ തയാറാകണം. എം.ശിവശങ്കറിന്റെ കാര്യത്തിൽ പറഞ്ഞ തൊടുന്യായങ്ങൾ രവീന്ദ്രന്റെ കാര്യത്തിൽ പറയാൻ പറ്റില്ല.
രവീന്ദ്രന്റെ ഇടപാടുകളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കാളിയാണ്. ശരിയായ അന്വേഷണം നടന്നാൽ മന്ത്രിയും കുടുങ്ങും. നിയമസഭയിലെ പുനരുദ്ധാരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സ്പീക്കറുടെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടലുകൾ നടന്നു. യുഡിഎഫിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടു. വടക്കൻ ജില്ലകളിൽ കോൺഗ്രസ് വട്ടപ്പൂജ്യമായിരിക്കും. മുസ്‍ലിം ലീഗിന്റെ ദയാവായ്പിലായ കോൺഗ്രസിനെ തേച്ചുമാച്ച് കളയാനാണു ലീഗിന്റെ ശ്രമമെന്നും സുരേന്ദ്രൻ കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസിൽ പറഞ്ഞു.
English Summary: K Surendran against speaker P Sreeramakrishnan in gold smuggling case