സുശാന്ത് കേസ്: ഹെയർസ്റ്റൈലിസ്റ്റും ലഹരി ഇടപാടുകാരനും എൻസിബി കസ്റ്റഡിയിൽ
Mail This Article
മുംബൈ∙ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ ലഹരിമരുന്നുകേസിൽ സിനിമാ മേഖലയിലെ കുരുക്ക് മുറുക്കി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റിനെയും ലഹരിമരുന്ന് ഇടപാടുകാരനെയും അറസ്റ്റ് ചെയ്തതായി എൻസിബി അറിയിച്ചു. ഇവരിൽനിന്ന് 16 പായ്ക്കറ്റ് കൊക്കെയ്ൻ പിടിച്ചെടുത്തു.
ഹെയർ സ്റ്റൈലിസ്റ്റ് സൂരജ് ഗോഡാംബെയും ലഹരിമരുന്ന് ഇടപാടുകാരൻ ലാൽചന്ദ്ര യാദവിനെയുമാണ് പിടികൂടിയത്. ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ യാദവ് ആണ് ആവശ്യക്കാർക്ക് ലഹരിമരുന്ന് എത്തിച്ചു കൊടുക്കുന്നത്. ഇരുവരെയും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 16 വരെ എൻസിബിയുടെ കസ്റ്റഡിയിൽ വിട്ടുവെന്ന് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അറിയിച്ചു.
ജോഗേശ്വരി വെസ്റ്റിലെ ഓഷിവാര മേഖലയിലുള്ള മീര ടവേഴ്സിനു സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. കണ്ടെടുത്ത കൊക്കെയ്ൻ 11 ഗ്രാം ഉണ്ടായിരുന്നു. 56,000 രൂപയും പിടിച്ചെടുത്തു. പ്രമുഖ ബോളിവുഡ് താരങ്ങളുടെ ഹെയർ സ്റ്റൈലിസ്റ്റായി ഗോഡാംബെ ജോലി ചെയ്തിരുന്നു. ഇവരെയെല്ലാം ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്നാണ് വിവരം.
English Summary: NCB nabs Bollywood hairstylist, drug peddler in SSR's death probe