പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; കോണ്‍ഗ്രസ് ബഹിഷ്കരിച്ചു
Mail This Article
ന്യൂഡൽഹി∙ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി. ഭരണഘടനയുടെ മാതൃകയിലാണ് ശിലാഫലകം. കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങ് ബഹിഷ്കരിച്ചു. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. ശിലാസ്ഥാപനം നടത്താൻ അനുമതിയുണ്ടെങ്കിലും നിര്‍മാണം തുടങ്ങരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തിയത് ചരിത്രനിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കായി ഇന്ത്യക്കാർ പാർലമെന്റ് നിർമിക്കുന്നു. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സങ്കലനമാകും പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍. 971 കോടി രൂപ ചെലവിലാണ് നിർമാണം. നിലവിലെ മന്ദിരത്തിനേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുതായിരിക്കും. ആറ് കവാടങ്ങളുണ്ടാകും. നാല് നിലകള്‍. ലോക്സഭാ ചേംബറിന്‍റെ വലുപ്പം 3,015 ചതുരശ്ര മീറ്റര്‍. 888 അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകും. രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാം. നിലവില്‍ ലോക്സഭയില്‍ 543 ഉം രാജ്യസഭയില്‍ 245 ഉം അംഗങ്ങള്‍ക്കാണ് ഇരിപ്പിടമാണുള്ളത്. പുതിയ മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാളുണ്ടാകില്ല
സംയുക്ത സമ്മേളനങ്ങള്‍ ലോക്സഭാ ചേംബറില്‍ നടക്കും. ഇരിപ്പിടങ്ങള്‍ നിലവിലേതിനേക്കാള്‍ വലുപ്പമുള്ളതാണ്. തൊട്ടടുത്ത മന്ദിരത്തില്‍ എല്ലാ എംപിമാര്‍ക്കും ഒാഫിസുണ്ടാകും. വായു, ശബ്ദ മലിനീകരണങ്ങള്‍ നിയന്ത്രിക്കാനും ഭൂകമ്പം ചെറുക്കാനും സംവിധാനമുണ്ടാകും. 2,000 പേര്‍ നേരിട്ടും 9,000 പേര്‍ പരോക്ഷമായും നിര്‍മാണത്തില്‍ പങ്കാളികളാകും.
ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് നിർമാണത്തിന്റെ കരാര്‍ നേടിയിട്ടുള്ളത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നവീകരിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം. നിലവിലെ പാര്‍ലമെന്‍റിന്‍റെ ബലക്ഷയവും ഭാവിയില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എംപിമാരുടെ എണ്ണം കൂടാന്‍ ഇടയുള്ളതും ചൂണ്ടിക്കാട്ടിയാണ് പുതിയ മന്ദിരം പണിയുന്നത്.
English Summary: PM Lays Foundation Stone for New Central Vista Parliament