ADVERTISEMENT

മലപ്പുറം∙ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയെ ജയിലിൽ ഭീഷണിപ്പെടുത്തിയത് ഇതിന് തെളിവാണെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജയിലിൽ പൊലീസ് സംരക്ഷണത്തിൽ കഴിയുന്ന പ്രതിയെ ഭീഷണിപ്പെടുത്തുക എന്നാൽ വളരെ ഗുരുതരമായ കാര്യമല്ലെ. സ്വപ്നയെ ഭീഷണിപ്പെടുത്തിയതിൽ ജയിൽ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിശദീകരണം നൽകണം. ‌

സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു ഉന്നതന്റെ പേരും വന്നിട്ടുണ്ട്. ആരാണ് ആ ഉന്നതൻ എന്ന് ഞങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി. ആ കാര്യങ്ങൾ പുറത്തുവരേണ്ടതാണ്. സി.എം. രവീന്ദ്രൻ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുന്നത് സംശയം വർധിപ്പിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു. ഈ സർക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കും എതിരായി ജനങ്ങൾ വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭ സ്പീക്കറെ സംബന്ധിച്ച് വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇന്ന് രാവിലെ മുന്നോട്ടു വച്ചത്. എന്നാൽ സ്പീക്കറുടെ മറുപടി കേട്ടപ്പോൾ വിടവാങ്ങൽ പ്രസംഗം പോലെ തോന്നി. താൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും സ്പീക്കർ മറുപടി നൽകിയില്ല. 

സ്പീക്കറായ ശേഷം നിയമസഭയില്‍ നടന്ന കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കേരള നിയമസഭയുടെ മഹത്വത്തെ പറ്റിയാണ് സ്പീക്കര്‍ പറഞ്ഞത്. കേരള നിയമസഭയുടെ മഹത്വത്തെ കുറിച്ച് പറയുന്ന ആളുകള്‍ അവരുടെ പ്രവര്‍ത്തനം എങ്ങനെയാണ് ഇപ്പോള്‍ ജനങ്ങള്‍ വിലയിരുത്തുന്നത് എന്ന് മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

രാജ്യത്ത് ബിജെപി സർക്കാരിനെതിരെ കർഷകരും തൊഴിലാളികളും സാധാരണക്കാരും ഒരുമിച്ച് രംഗത്തുവരുന്ന കാഴ്ചയാണ്. വർഗീയത ആളിക്കത്തിച്ചു കൊണ്ട് ബിജെപിക്ക് എത്രകാലം മുന്നോട്ട് പോകാനാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി പൂർണമായും നിലംപരിശാകും. അവർക്ക് ഒരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിക്കില്ല. അവർക്ക് ജനങ്ങൾ നല്ല തിരിച്ചടിയും നൽകുമെന്നും ചെന്നിത്തല പറഞ്ഞു. 

യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാകും. ഈ സംസ്ഥാനത്ത് ഇതുവരെയുണ്ടാകാത്ത വമ്പിച്ച മുന്നേറ്റം യുഡിഎഫിന് ഉണ്ടാവും. ഉയർന്ന പോളിങ് ശതമാനവും ഞങ്ങളുടെ പ്രവർത്തകരുടെ ആവേശവും കണക്കിലെടുക്കുമ്പോൾ അനുകൂല സാഹചര്യമാകുമെന്നാണ് കരുതുന്നത്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

English Summary : Ramesh Chennithala against Kerala government and speaker P Sreeramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com