20കാരന്റെ പ്രവേശന കാർഡിൽ അമ്മ സണ്ണി ലിയോൺ, അച്ഛൻ ഇമ്രാൻ ഹാഷ്മി; അന്വേഷണം
Mail This Article
പട്ന∙പലപ്പോഴും പ്രവേശന കാർഡുകളിലൊക്കെ പേരും വിലാസവും ഒക്കെ മാറിപ്പോകുന്നത് പതിവാണ്. ഇവിടെ അത്തരത്തിൽ ശ്രദ്ധേയമാകുകയാണ് ഒരു വിദ്യാർഥിയുടെ പരീക്ഷാ പ്രവേശന കാർഡ്. ബിഹാറിലെ മുസാഫർപുറിലാണ് സംഭവം. ബിഎ രണ്ടാം വർഷ പ്രവേശന കാർഡിൽ വിദ്യാർഥി അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാൻ ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോൺ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അഡ്മിറ്റ് കാർഡിലെ പേരുകൾ കണ്ട് സർവകലാശാല അധികൃതർ ഞെട്ടി. വിദ്യാർഥി തന്നെയാണ് വിവരങ്ങൾ ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുന്ദൻ കുമാർ എന്ന വിദ്യാര്‍ഥിയാണ് താരങ്ങളുടെ പേര് രക്ഷിതാക്കളുടെ സ്ഥാനത്ത് നൽകിയിരിക്കുന്നത്. നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുർഭുജൻ സ്താൻ ആണ് സ്ഥലമായി നൽകിയിരിക്കുന്നതും.
സംഭവത്തിൽ സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ ഉത്തരവാദി വിദ്യാർഥി തന്നെയാണെന്നാണ് അധികൃതർ പറയുന്നത്. അന്വേഷണ റിപ്പോർട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പ്രവേശന കാർഡിൽ നൽകിയിരിക്കുന്ന ആധാർ, മൊബൈൽ നമ്പറുകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
English Summary : Shocking: 20-year-old student names Emraan Hashmi, Sunny Leone as parents in Bihar