ബാർക്കോഴക്കേസ്: വിജിലൻസിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ
Mail This Article
തിരുവനന്തപുരം∙ ബാർക്കോഴക്കേസിൽ മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ അന്വേഷണ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസിനോട് ഗവർണർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. വിജിലൻസ് ഐജി എച്ച്.വെങ്കിടേഷ് രാജ്ഭവനിലെത്തി അന്വേഷണത്തെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
ഇപ്പോഴത്തെ രേഖകൾ വച്ച് തീരുമാനമെടുക്കാനാകില്ലെന്ന് രാജ്ഭവൻ അറിയിച്ചതായാണ് സൂചന. സർക്കാര്‍ സമർപ്പിച്ച ഫയലിലെ ചില കാര്യങ്ങളിൽ വിജിലൻസ് ഡയറക്ടറോട് ഗവർണറുടെ ഓഫിസ് നേരത്തെ വിശദീകരണം തേടിയിരുന്നു. ഡയറക്ടർ സ്ഥലത്തില്ലാത്തതിനാലാണ് ഐജി ഗവർണറെ കാണാനെത്തിയത്.
മുൻമന്ത്രിമാരായതിനാൽ അന്വേഷണം നടത്തുന്നതിനു ഗവർണറുടെ അനുമതി ആവശ്യമാണ്. ബാർകോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി തേടാൻ ആദ്യം തീരുമാനിച്ചെങ്കിലും ആരോപണം ഉന്നയിച്ച സമയത്ത് രമേശ് ചെന്നിത്തല നിയമസഭാംഗം ആയിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതി എന്ന നിയമോപദശമാണ് ലഭിച്ചത്. തുടർന്ന് സ്പീക്കർ അന്വേഷണത്തിനു അനുമതി നൽകിയിരുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാര്‍ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാർ ഉടമകൾ പിരിച്ച 1 കോടി രൂപ രമേശിനും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും നൽകിയെന്നാണ് ബിജുരമേശിന്റെ ആരോപണം.
English Summary: Bar bribery case: Governor demands more documents