സംഘർഷാവസ്ഥ തുടരുന്നതിന് കാരണം ചൈനയുടെ ഏകപക്ഷീയ നീക്കം: ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ സംഘർഷാവസ്ഥ തുടരുന്നതിൽ ചൈനയെ കുറ്റപ്പെടുത്തി വീണ്ടും ഇന്ത്യ. ഉഭയകക്ഷി കരാറുകൾ ചൈന ലംഘിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈനയുടെ ഏകപക്ഷീയ നീക്കങ്ങളാണ് ആറു മാസമായി അതിർത്തിയിലെ പ്രശ്നത്തിനു കാരണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.
‘കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഏകപക്ഷീയമായി മാറ്റം വരുത്താൻ ശ്രമിച്ച ചൈനയുടെ നീക്കങ്ങളുടെ ഫലമാണു 6 മാസമായി നമ്മൾ കാണുന്നത്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകളുടെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണ് ഈ നടപടികൾ. അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തിന് 1993, 1996 വർഷങ്ങളിലെ ഉടമ്പടി ഉൾപ്പെടെയുള്ള വിവിധ ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും ഇരുപക്ഷവും കർശനമായി പാലിക്കണം’– വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
‘സൈനിക സാന്നിധ്യം കൂട്ടരുത്. എൽഎസിയിൽ ഏകപക്ഷീയമായ ഒരു നടപടിയും സ്വീകരിക്കരുത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ കർശനമായി പാലിക്കുന്നുണ്ടെന്നും അതിർത്തി പ്രശ്‌നം പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നുമുള്ള ചൈനയുടെ പ്രസ്താവന ശ്രദ്ധിച്ചു. ചൈനയുടെ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെയുള്ള ആശയവിനിമയത്തിന് ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. കൂടുതൽ ചർച്ചകൾ ഇരുപക്ഷത്തെയും സഹായിക്കുമെന്നാണു പ്രതീക്ഷ’ – വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
English Summary: India says China's actions along Line of Actual Control in last 6 months violate bilateral agreements on ensuring peace