ADVERTISEMENT

വാഴ്സോ ∙ നിഗൂഢ സിദ്ധാന്തക്കാർ ഏറ്റെടുത്ത ഏകശിലാപാളി (മോണോലിത്) പോളണ്ടിലും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലെ വിസ്തുല നദിത്തീരത്തും ദക്ഷിണ മേഖലയിലെ കെൽസിയിലും കണ്ടതായാണു റിപ്പോർട്ടുകൾ. ഏകശിലാപാളിക്കു 10 അടി ഉയരവും ഒന്നരയടി വീതിയുമുണ്ട്. വെള്ളികൊണ്ടാണു നിർമാണം. യുഎസിലെ യൂട്ടായിൽ നവംബർ 12നാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

ലോകശ്രദ്ധ നേടിയ ഈ പാളി രണ്ടാഴ്ചയ്ക്കുശേഷം 4 പേർ ചേർന്ന് എടുത്തു മാറ്റുന്നതിന്റെ ഫോട്ടോയും വിഡിയോയും പ്രചരിച്ചിരുന്നു. യൂട്ടായ്ക്കുശേഷം യൂറോപ്യൻ രാജ്യം റുമേനിയയിലെ നീംറ്റ് പർവതമേഖലയിൽ പ്രാചീനമായ ഒരു കോട്ടയ്ക്കു സമീപം ഏകശില പ്രത്യക്ഷപ്പെട്ടു. ഇതും പിന്നീട് അപ്രത്യക്ഷമായി. കലിഫോർണിയയിലെ പൈൻ മലമുകളിലും പ്രത്യക്ഷപ്പെട്ടു. ഇവ കലാകാരൻമാരുടെ സൃഷ്ടികളോ അല്ലെങ്കിൽ 1968ൽ പുറത്തിറങ്ങിയ സ്പേസ് ഒഡീസി എന്ന ഹോളിവുഡ് ചിത്രത്തിന്റെ ആരാധകരോ ഒപ്പിച്ച പണിയാണെന്നാണ് അധികൃതരുടെ ഭാഷ്യം.

monolyth
കലിഫോർണിയയിലെ പൈൻ മലമുകളിൽ പ്രത്യക്ഷപ്പെട്ട മോണോലിത്

ദ് മോസ്റ്റ് ഫേമസ് ആർട്ടിസ്റ്റ് എന്ന സമൂഹമാധ്യമ പേജിൽ തുടർച്ചയായി ഏകശിലകളുടെ ചിത്രങ്ങളും അവയുടെ നിർമിതിയെക്കുറിച്ചുള്ള വിവരണങ്ങളും പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഒപ്പം ഇവ 45,000 ഡോളറിനു വിൽപനയ്ക്കും വച്ചു. ഇതുകണ്ടു സംശയം തോന്നിയവർ നിങ്ങളാണോ ഇതിനു പിന്നിലെന്ന ചോദ്യം ഉന്നയിച്ചിരുന്നു. ‘നിങ്ങൾക്ക് അങ്ങനെ തോന്നുന്നെങ്കിൽ ശരിയായിരിക്കാം’ എന്നാണ് ഇവർ പേജിൽ നൽകിയ മറുപടി. മോസ്റ്റ് ഫേമസ് ആർട്ടിസ്റ്റിന്റെ സ്ഥാപകൻ മാറ്റി മോ ഏകശിലകൾ ഉണ്ടാക്കി നൽകുന്നുണ്ടെന്നു വ്യക്തമാക്കിയെങ്കിലും കൂടുതലൊന്നും പറഞ്ഞില്ല.

English Summary: New monolith alert: After Utah, Romania, California and UK, monolith mysteriously appear in Poland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com