ലഖ്‌വിക്ക് മാസം 1.5 ലക്ഷം രൂപ: പാക്കിസ്ഥാന് യുഎന്‍ അനുമതി; ഇന്ത്യക്ക് അതൃപ്തി
Mail This Article
ന്യൂഡല്‍ഹി∙ മുംബൈയിലെ 26/11 ആക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിക്ക് പ്രതിമാസ ചെലവിനായി 1.5 ലക്ഷം പാക്കിസ്ഥാന്‍ രൂപ നല്‍കാന്‍ പാക്കിസ്ഥാന് യുഎന്‍ രക്ഷാകൗണ്‍സില്‍ ഉപരോധ സമിതി അനുമതി നല്‍കിയത് ഇന്ത്യക്കു തിരിച്ചടിയായി. ഭക്ഷണത്തിന് 50,000 രൂപ, മരുന്നിന് 45,000 രൂപ, മറ്റ് ആവശ്യങ്ങള്‍ക്ക് 20,000 രൂപ, അഭിഭാഷകഫീസ് 20,000 രൂപ ഗതാഗതത്തിന് 15,000 രൂപ എന്ന നിരക്കിലാണ് ലഖ്‌വിക്കു പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. യുഎന്‍ സമിതിക്ക് പാക്കിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിനുശേഷം യുഎന്‍ സമിതി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലഖ്‌വി 2015 മുതല്‍ ജാമ്യത്തിലാണ്. റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുമ്പോഴാണ് ലഖ്‌വി ഒരു കുഞ്ഞിന്റെ പിതാവായത്. ലഖ്‌വിയുടെ ജയില്‍വാസം തട്ടിപ്പാണെന്ന ആരോപണം ഇന്ത്യ ഉയര്‍ത്തിയിരുന്നു.
ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ആണവശാസ്ത്രജ്ഞനായ മഹമൂദ് സുല്‍ത്താന്‍ ബാഷിറുദ്ദീനു മാസച്ചെലവിനു പണം നല്‍കാനും യുഎന്‍ സമിതി അനുമതി നല്‍കിയിട്ടുണ്ട്. യുഎന്‍ പട്ടികയിലുള്ള ഉമ്മാ തമീര്‍ ഇ നൗ എന്ന സംഘടനയുടെ സ്ഥാപകനാണ് മഹമൂദ്. പാക്ക് ആണവോര്‍ജ കമ്മിഷനില്‍ പ്രവര്‍ത്തിച്ചുള്ള മഹമൂദ് അഫ്ഗാനിസ്ഥാനില്‍ ഉസാമ ബിന്‍ ലാദനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ മൂന്നാമത്തെ സിവിലിയന്‍ ബഹുമതി നവാസ് ഷെരീഫ് സര്‍ക്കാര്‍ മഹമൂദിനു നല്‍കിയിരുന്നു. ലോകവ്യാപാര കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായതിനുശേഷം മഹമൂദിന് അമേരിക്കയും യുഎന്നും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാനില്‍ സ്വതന്ത്രനായി ജീവിക്കുകയാണ് മഹമ്മൂദ്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കറെ തയ്ബ നേതാവുമായ ഹാഫിസ് സയീദിന് അടിസ്ഥാന ആവശ്യങ്ങള്‍ക്കു ബാങ്ക് അക്കൗണ്ടില്‍നിന്നു പണം ഉപയോഗിക്കാന്‍ യുഎന്‍ സമിതി 2019 ഓഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു.
English Summary: UN lets Pak pay Lashkar’s Lakhvi Rs 1.5 lakh for his monthly expenses