ADVERTISEMENT

ലക്നൗ∙ തങ്ങള്‍ നിയമം ലംഘിച്ചിട്ടില്ലെന്നും സംസ്ഥാനത്തിന്റെ പുതിയ നിയമവിരുദ്ധ മതപരിവർത്തന നിയമത്തിന്റെ കീഴിൽ ക്രിമിനൽ കുറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കുകയാണന്നും ഉത്തർപ്രദേശ് പൊലീസ്. രണ്ടു ദിവസം മുൻപ് മുസ്‌ലിം ദമ്പതികളെ വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.

ചൊവ്വാഴ്ച വൈകുന്നേരമാണ് ലക്നൗവിൽനിന്ന് 325 കിലോമീറ്റർ അകലെയുള്ള ഖുശിനഗറിൽ 39കാരനായ യുവാവും 28കാരിയായ യുവതിയും വിവാഹത്തിനെത്തിയത്. മുസ്‌ലിംകളായ ഇവരുടെ വിവാഹം തടസ്സപ്പെടുത്തി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും രാത്രി മുഴുവൻ ചോദ്യം ചെയ്യുകയും ചെയ്തു.

‘ഗ്രാമത്തിൽ ഒരു സ്ത്രീ ബലമായി വിവാഹം കഴിക്കുകയാണെന്നും അവൾ ഹിന്ദുവാണെന്നും മറുവശത്ത് മുസ്‌ലിം ആണെന്നും ഗ്രാമത്തിൽ നിന്നുള്ള ഒരാൾ ഞങ്ങളെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി എല്ലാവരെയും ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ എത്തിച്ചു. യുവതി അയൽനാടായ അസംഘഡ് ജില്ലയിൽ നിന്നുള്ളയാളാണെന്നും അവൾ മുസ്‌ലിം ആണെന്നും യുവാവ് അവളെ വിവാഹം കഴിക്കുകയാണെന്നും കണ്ടെത്തി. കൂടുതൽ വിശദാംശങ്ങൾ ലഭിച്ചതോടെ ഞങ്ങൾ സ്ത്രീയുടെ കുടുംബവുമായി ബന്ധപ്പെടുകയും യുവതിയെ അവർക്ക് കൈമാറുകയും ചെയ്തു’ – ഖുശിനഗർ പൊലീസ് മേധാവി വിനോദ് കുമാർ സിങ് പറഞ്ഞു.

അതേസമയം, ബുധനാഴ്ച രാവിലെ മാത്രമാണ് ദമ്പതികളെ പൊലീസ് സ്റ്റേഷനിൽനിന്ന് വിട്ടയച്ചതെന്നാണ് റിപ്പോർട്ട്. യുവാവിനെ മർദിച്ചെന്ന ആരോപങ്ങൾ‍ വ്യാജമാണന്ന് പൊലീസ് ട്വിറ്ററിൽ വിശദീകരിച്ചു. ഇതിൽ മനുഷ്യാവകാശ ലംഘനമില്ലെന്നും അവർ വ്യക്തമാക്കി.

നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരായ സംസ്ഥാനത്തെ പുതിയ നിയമത്തിന്റെ നഗ്നമായ ദുരുപയോഗമല്ലേ എന്ന് ചോദിച്ചപ്പോൾ, ഒരാൾ വിവാഹ ആവശ്യത്തിനായി മാത്രം പരിവർത്തനം ചെയ്യുകയാണെങ്കിൽ മാത്രമേ നിയമം ബാധകമാകൂവെന്നും ഇത് അങ്ങനെയല്ലെന്നും ജില്ലാ പൊലീസ് മേധാവി അവകാശപ്പെട്ടു. ഇത് നിയമത്തിന്റെ ദുരുപയോഗമല്ല. എന്തോ കുഴപ്പം സംഭവിക്കുന്നുവെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. എന്നാൽ ക്രിമിനൽ പ്രവർത്തനങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയപ്പോൾ ഞങ്ങൾ എല്ലാവരേയും വിട്ടയച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: "No Violation Of Human Rights": UP Cops' Defence After Stopping Muslim Couple's Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com