കോവിഡ്, ക്വാറന്റീന് വോട്ടുകളില്‍ വ്യാപക ക്രമക്കേട്; കമ്മിഷന്‍ മൗനം: വി.വി.രാജേഷ്
Mail This Article
തിരുവനന്തപുരം ∙ കോവിഡ് പോസിറ്റീവായവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും (സ്‌പെഷല്‍) വോട്ടുകള്‍ ശേഖരിക്കുന്നതില്‍ വന്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി രാജേഷ്. സ്പെഷൽ വോട്ടർമാരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പില്‍നിന്നും തദ്ദേശ സ്ഥാപനങ്ങളിലേക്കു കൊടുക്കുകയും അവിടെനിന്നും റിട്ടേണിങ് ഓഫിസറുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ വഴി ബാലറ്റ്, രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും കൈകളില്‍ എത്തിക്കുകയുമാണു ചെയ്യുന്നത്.
എന്നാല്‍ ഇതിനു ജില്ലയില്‍ നിയോഗിച്ചിരിക്കുന്നതു യൂണിവേഴ്‌സിറ്റി കോളജിലെ ഇടതുപക്ഷ അധ്യാപകരെയും സിപിഎം പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരെയുമാണ്. കോവിഡ് രോഗികളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്ന ന്യായം പറഞ്ഞു വോട്ടര്‍മാര്‍ ആരാണെന്നു സ്ഥാനാർഥികളെ പോലും അറിയിക്കുന്നില്ല. ഈ ഉദ്യോഗസ്ഥര്‍ രോഗികള്‍ക്ക് അടുത്തുപോയി വോട്ടു ചെയ്യിച്ച ശേഷം നിര്‍ബന്ധിപ്പിച്ചു തിരികെ വാങ്ങുകയാണ്. പോസ്റ്റല്‍ ബാലറ്റ് തപാലില്‍ അയച്ചുകൊടുക്കാമെന്ന് പറഞ്ഞാലും പലപ്പോഴും ഇവര്‍ നിര്‍ബന്ധപൂര്‍വം ബാലറ്റുകള്‍ തിരികെ വാങ്ങുന്നുണ്ട്.
വോട്ട് തിരികെ കൊണ്ടുപോകുന്നതിനിടയില്‍ വ്യാപക ക്രമക്കേടുകളാണു നടക്കുന്നത്. ഈ വോട്ട് ആരൊക്കെയാണ് കൈകാര്യം ചെയ്യുന്നതെന്നോ എവിടെയാണോ സൂക്ഷിക്കുന്നതെന്നോ സ്ഥാനാർഥികളെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ അറിയിക്കാറില്ല. ഈ ക്രമക്കേട് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണു നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്സില്‍ ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിനാല്‍ എത്ര ബാലറ്റ് അച്ചടിച്ചെന്നോ എത്രയണ്ണം വിതരണം ചെയ്‌തെന്നോ എത്രയണ്ണം തിരികെ കിട്ടിയെന്നോ സ്ഥാനാർഥികളും ഇലക്‌ഷന്‍ ഏജന്റുമാരും അറിയുന്നില്ല.
സര്‍ക്കാര്‍ ഓഫിസിലെ രേഖകള്‍ കൈകാര്യം ചെയ്യുമ്പോലെയാണു ബാലറ്റ് പേപ്പര്‍ കൈകാര്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പും പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുതാര്യമായിരിക്കുകയും സ്ഥാനാർഥികളോ ചീഫ് ഇലക‌്‌ഷന്‍ ഏജന്റോ അറിഞ്ഞിരിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ കോവിഡ് മാനദണ്ഡത്തിന്റെ പേരു പറഞ്ഞ് ഇതൊന്നും സ്ഥാനാർഥികളെ അറിയിക്കുന്നില്ല. ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ബാലറ്റുകള്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നാ അറിയാന്‍ കഴിയുന്നത്.
കോവിഡ് ബാധിക്കുകയും ക്വാറന്റീനില്‍ കഴിയുകയും ചെയ്യുന്ന സിപിഎം ഇതര വോട്ടർമാര്‍ക്കു ബാലറ്റുകള്‍ എത്തിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട യാതൊരു സുതാര്യതയും നിലനിര്‍ത്തുന്നില്ല. എല്‍ഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പ് വിധി എതിരായി വരാന്‍ സാധ്യതയുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനും സര്‍ക്കാരിന്റെ നീക്കത്തിനു കൂട്ടുനില്‍ക്കുകയാണ്. പലപ്പോഴും ജില്ലാ കലക്റ്ററുമായും റിട്ടേണിങ് ഓഫിസര്‍മാരുമായി ബിജെപി ജില്ലാ നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും വ്യക്തമായ ഉത്തരം നല്‍കാനോ ആധികാരമായി ഇതിന്റെ രീതി വിശദീകരിക്കാനോ തയാറായിട്ടില്ല.
എന്തുപറഞ്ഞാലും കോവിഡിന്റെ പേരു പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട സ്ഥലങ്ങളില്‍ സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു പോസ്റ്റല്‍ ബാലറ്റിലൂടെ ക്രമക്കേട് നടത്തി വിജയം കൊയ്യാനാണു ശ്രമിക്കുന്നത്. ഇതറിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൗനം തുടരുന്നതു പ്രതിഷേധാര്‍ഹമാണ്. പോസ്റ്റല്‍ ബാലറ്റില്‍ നിലനില്‍ക്കുന്ന ദുരൂഹത വോട്ടെണ്ണുന്ന ദിവസം വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കും. രാഷ്ട്രീയ പാര്‍ട്ടികളെ ബോധ്യപ്പെടുത്തി ബാലറ്റ് വോട്ടുകളില്‍ ക്രമക്കേട് നടന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം– രാജേഷ് പറഞ്ഞു.
English Summary: BJP leader VV Rajesh allegations against Covid special votes in Kerala Local Election