പെരിയ ഇരട്ടക്കൊല പുനരാവിഷ്കരിച്ച് സിബിഐ സംഘം; നിസഹകരിച്ച് സർക്കാർ
Mail This Article
കാസർകോട്∙ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിനായി സിബിഐ സംഘം പെരിയയിലെത്തി. തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എത്തിയത്. കൊലപാതകം നടന്ന സ്ഥലത്ത് അന്വേഷണ സംഘം പുനരാവിഷ്കാരം നടത്തി. അക്രമിസംഘം ഒളിച്ചുനില്‍ക്കുന്നതും ബൈക്ക് തടഞ്ഞ് വെട്ടുന്നതും ഉൾപ്പെടെ പുനരാവിഷ്കരിച്ചു.
കേസിലെ ദൃക്സാക്ഷികളെയും സ്ഥലത്തെത്തിച്ചു. കല്യോട്ട് കൂരാങ്കര റോഡിൽവച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവർക്കു വെട്ടേറ്റത്. ഇവർ വീണ് കിടക്കുന്നതു കണ്ടത് ജീപ്പിലെത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു. ഈ ജീപ്പില്‍ കയറ്റിയാണ് ശരത്‌ലാലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഈ ജീപ്പും പുനരാവിഷ്കാരത്തിനായി എത്തിച്ചിരുന്നു.
അതേസമയം, അന്വേഷണത്തിന് എത്തിയ സിബിഐ സംഘത്തോടു സര്‍ക്കാര്‍ നിസഹകരണം തുടരുകയാണ്. സിബിഐ ആവശ്യപ്പെട്ട സൗകര്യങ്ങള്‍ നല്‍കിയില്ല. ക്യാംപ് ഓഫിസ് തുറക്കുന്നതിലും വാഹനസൗകര്യം നല്‍കുന്നതിലും തീരുമാനമായില്ല.
ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ സംശയമുയർത്തിയാണു കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ ഉൾപ്പെടെ 14 പ്രതികളാണു ക്രൈംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിലുള്ളത്.
English Summary: CBI Team at Periya