ADVERTISEMENT

വാഷിങ്ടൻ ∙ 13 വർഷം മുൻപ് ‘കാണാതായ’ മുൻ എഫ്ബിഐ ഏജന്റ് ബോബ് ലെവിൻസന്റെ തിരോധാനത്തിനു പിന്നിൽ ഇറാൻ ആണെന്ന് യുഎസ്. ഇതാദ്യമായാണ് സംഭവത്തിൽ ഇറാനെതിരെ ആരോപണവുമായി യുഎസ് രംഗത്തെത്തുന്നത്. ലെവിൻസനെ യുഎസിലെത്തിക്കുമെന്ന് ഇറാൻ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിച്ചില്ലെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രേ പറഞ്ഞു.

ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ലെവിൻസനെ തട്ടിക്കൊണ്ടുപോയതിനും തടങ്കലിൽ ഇട്ടതിനും പിന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരുപക്ഷേ ലെവിൻസന്റെ മരണത്തിനുവരെ കാരണക്കാരായ ഇറാനിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായ മുഹമ്മദ് ബസേരി, അഹമദ് ഖസായ് എന്നിവർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതായി ട്രഷറി വകുപ്പ് അറിയിച്ചു.

ഇറാനിയൻ ഏജന്റുമാർക്ക് യുഎസിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ തന്നെ നടപടി പ്രതീകാത്മകമായി മാത്രമാണ് കണക്കാക്കുന്നത്. എങ്കിലും ഈ നടപടി രാജ്യാന്തര തലത്തിൽ അവർക്ക് തിരിച്ചടിയായേക്കും.

നിഗൂഢമായ കേസ്

ജോർജ് ഡബ്ല്യു.ബുഷ് യുഎസ് പ്രസിഡന്റായിരിക്കെ 2007 മാർച്ചിൽ ‘അപ്രത്യക്ഷനായ’ വ്യക്തിയാണ് ബോബ് ലെവിൻസൺ. ഇറാന്റെ അധീനതയിലുള്ള കിഷ് ദ്വീപിൽനിന്നാണ് ലെവിൻസനെ കാണാതായത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ തിരോധാനങ്ങളിൽ ഒന്നാണ് ബോബ് ലെവിൻസന്റേത്. വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം എഫ്ബിഐയിൽനിന്നു വിരമിച്ചശേഷം സിഐഎയ്ക്കായി ജോലി ചെയ്തിരുന്ന ലെവിൻസൺ, രഹസ്യാന്വേഷണ ഏജന്റായാണ് കിഷിൽ എത്തിയത്.

തിരോധാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ലെവിൻസന്റെ ഭാര്യയ്ക്കു സിഐഎ നഷ്ടപരിഹാരം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലെവിൻസനെ കാണാതായതിനു പിന്നിൽ പങ്കില്ലെന്നാണ് ഇറാന്റെ ആവർത്തിച്ചുള്ള വിശദീകരണം. 2010ൽ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവികത്താവളത്തിൽ തടവുകാരെ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരുന്ന സ്ഥലത്ത്, ഓറഞ്ച് സ്യൂട്ട് ധരിച്ച് ലെവിൻസൺ നിൽക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

ഇതിനോടു പ്രതികരിക്കാതിരുന്ന യുഎസ്, ലെവിൻസനെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ പാക്ക് ഭീകരരാണെന്നും ആരോപിച്ചു. ലെവിൻസൺ മരിച്ചുവെന്നു താൻ അംഗീകരിച്ചിട്ടില്ലെന്നും എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാർച്ചിൽ വ്യക്തമാക്കിയിരുന്നു.

English Summary: Iran Behind "Probable Death" Of Ex-FBI Agent Bob Levinson: US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com