ടാറ്റ - മിസ്ട്രി കേസ് പരിഗണിക്കവേ വെളിപ്പെടുത്തലുമായി ചീഫ് ജസ്റ്റിസ്
Mail This Article
ന്യൂഡൽഹി ∙ ടാറ്റ-മിസ്ട്രി കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. അഭിഭാഷകനായ തന്റെ മകൻ ശ്രീനിവാസ് ബോബ്ഡെ, ഏകദേശം രണ്ടു വർഷമായി ചേരി പുനർവികസന വിഷയത്തിൽ ഷാപുർജി പല്ലോൻജി (എസ്പി) ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയെ പ്രതിനിധീകരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ടാറ്റയുടെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ വീണ്ടും നിയമിച്ച എൻസിഎൽഎടി ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ടാറ്റ സൺസും സൈറസ് ഇൻവെസ്റ്റ്‌മെന്റും സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുകയായിരുന്നു കോടതി.
ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യൻ എന്നിവർ വെളിപ്പെടുത്തലിൽ എന്തെങ്കിലും എതിർപ്പുണ്ടോ എന്ന് ടാറ്റ ഗ്രൂപ്പിനും എസ്പി ഗ്രൂപ്പിനുമായി ഹാജരായ അഭിഭാഷകരോടു ചോദിച്ചു. ടാറ്റ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും എസ്പി ഗ്രൂപ്പിനായി സി.എ.സുന്ദരവും എതിർപ്പില്ലെന്ന് അറിയിച്ചു. ‘മുംബൈയിലുള്ള മകൻ രണ്ടു വർഷമായി ചേരി പുനർവികസന വിഷയത്തിൽ എസ്പി ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിക്കു വേണ്ടി ഹാജരാകുകയാണ്. നിങ്ങളിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു’– ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇത്തരം പ്രശ്നങ്ങൾ പിന്നീടുള്ള ഘട്ടത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ബോബ്ഡെ കൂട്ടിച്ചേർത്തു. ഇതേ വിഷയത്തിൽ താൻ ഹാജരായിട്ടുണ്ടെന്നും തനിക്ക് എതിർപ്പില്ലെന്നും സാൽവെ പറഞ്ഞു. 1.75 ലക്ഷം കോടി രൂപ വിലമതിക്കുന്ന ടാറ്റ സൺസിന്റെ 18.37 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പിന്റെ ലിസ്റ്റു ചെയ്ത കമ്പനികളിലെ ഓഹരികളായി മാറ്റാമെന്ന ഷാപുർജി പല്ലോൻജി ഗ്രൂപ്പിന്റെ നിർദേശത്തെ നേരത്തെ ടാറ്റ എതിർത്തിരുന്നു.
English Summary: Tata-Mistry Case: Chief Justice Discloses His Son Represents One Of Shapoorji Pallonji's Firms