കൊടുവള്ളിയിൽ കാരാട്ട് ഫൈസലിന് ജയം; എൽഡിഎഫ് സ്ഥാനാർഥിക്ക് പൂജ്യം വോട്ട്!
Mail This Article
കോഴിക്കോട്∙ കോഴിക്കോട് കൊടുവള്ളി നഗരസഭ 15–ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കാരാട്ട് ഫൈസലിന് വിജയം. എൽഡിഎഫ് സ്ഥാനാർഥിയായ ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിന് ഒരു വോട്ടുപോലും ലഭിക്കാതെ പോയപ്പോൾ, 568 വോട്ടു നേടിയാണ് ഫൈസലിന്റെ വിജയം. ആദ്യം എൽഡിഎഫ് പിന്തുണയോടെയാണ് രംഗത്തെത്തിയതെങ്കിലും പിന്നീട് സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിൻവലിച്ചിരുന്നു. തുടർന്ന് ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയാണെങ്കിലും ഒ.പി.റഷീദിന്റെ പ്രചാരണ പ്രവർത്തനങ്ങൾ കാര്യമായി ഇല്ലാതിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കെ.കെ.എ. കാദറാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. നേടിയത് 495 വോട്ടുകൾ. എൻഡിഎ സ്ഥാനാർഥി പി.ടി. സദാശിവന് 50 വോട്ടുകൾ ലഭിച്ചു. കാരാട്ട് ഫൈസലിന്റെ അപരനായെത്തിയ സ്വതന്ത്ര സ്ഥാനാർഥി കെ. ഫൈസലിന് ഏഴു വോട്ടുകൾ ലഭിച്ചു.
അതിനിടെ, കൊടുവള്ളി നഗരസഭയിൽ യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു. 15 സീറ്റിൽ അവർ ലീഡ് ചെയ്യുന്നുമുണ്ട്. എൽഡിഎഫ് നാല് വീതം സീറ്റുകളില്‍ വിജയിക്കുകയും ലീഡ് തുടരുകയും ചെയ്യുന്നു.
English Summary: Karat Faisal elected from Chundapuram