കാരാട്ട് ഫൈസല്‍ വീണ്ടും മിനി കൂപ്പറിൽ; വിവാദങ്ങളെ വെല്ലുവിളിച്ച് വിജയാഘോഷം
Mail This Article
കോഴിക്കോട് കൊടുവള്ളി നഗരസഭ 15ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കാരാട്ട് ഫൈസലിന്റെ വിജയം സിപിഎമ്മിന്റെ തന്ത്രത്തിന്റെ കൂടി വിജയമാണ്. കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെട്ട മിനി കൂപ്പർ യാത്രാവിവാദം ഈ തിരഞ്ഞെടുപ്പ് കാലത്തും സജീവചർച്ചയായിരുന്നു. എന്നാൽ വിജയത്തിനു പിന്നാലെ പുതിയ മിനി കൂപ്പറിൽ തന്നെ കയറി നിന്ന് വിജയജാഥ നടത്തിയാണ് ഫൈസൽ വെല്ലുവിളി നൽകുന്നത്. 568 വോട്ടു നേടിയാണ് ഫൈസലിന്റെ വിജയം.
ആദ്യം എൽഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാർഥിയായതെങ്കിലും പിന്നീട് സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിൻവലിച്ചിരുന്നു. തുടർന്ന് ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കാരാട്ട് ഫൈസൽ അവസാന നിമിഷം സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി. കഴിഞ്ഞ തവണ പറമ്പത്തുകാവിൽനിന്നാണ് ഫൈസൽ എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചത്.
സ‍്വർണക്കടത്തുകേസിൽ ചോദ്യം ചെയ്തതോടെ സിപിഎം ജില്ലാ നേതൃത്വം ശക്തമായ എതിർപ്പുയർത്തിയിരുന്നു. തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിന്റെ സ്ഥാനാർഥിത്വം പിൻവലിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് അബ്ദുൽ റഷീദ് പതിയെ പിന്മാറുകയായിരുന്നു. ഫൈസലിന്റെ പ്രചാരണം ഒളിഞ്ഞും തെളിഞ്ഞും നയിച്ചത് പ്രാദേശിക സിപിഎം നേതൃത്വമാണെന്ന വാർത്തയും പുറത്തുവന്നിരുന്നു. അവിടുത്തെ എൽഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ച പൂജ്യം വോട്ടുകൾ എൽഡിഎഫിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു.
മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കെ.കെ.എ. കാദറാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. നേടിയത് 495 വോട്ടുകൾ. എൻഡിഎ സ്ഥാനാർഥി പി.ടി. സദാശിവന് 50 വോട്ടുകൾ ലഭിച്ചു. കാരാട്ട് ഫൈസലിന്റെ അപരനായെത്തിയ സ്വതന്ത്ര സ്ഥാനാർഥി കെ. ഫൈസലിന് ഏഴു വോട്ടുകൾ ലഭിച്ചു. അതേസമയം, കൊടുവള്ളി നഗരസഭ ഭരിക്കുക യുഡിഎഫ് ആയിരിക്കും.
English Summary: Karat Faisal's victory is a real master plan by LDF