ADVERTISEMENT

വണ്ടൂർ∙ മലപ്പുറം തിരുവാലി പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ഇരു മുന്നണികൾക്കും 8 വീതം അംഗങ്ങളാണ് ജയിച്ചുവന്നിരിക്കുന്നത്. എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ ഇനി ആരു വാഴുമെന്നറിയാന്‍ നറുക്കെടുപ്പ് നടത്തേണ്ടിവരും. 16 അംഗ പഞ്ചായത്തിൽ 14 അംഗങ്ങളുടെ വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഭരിച്ചിരുന്നത്. ഇപ്പോൾ എട്ടിലേക്കു കൂപ്പുകുത്തി. സിപിഐയുമായുള്ള പ്രശ്നങ്ങളാണ് കാരണമെന്നു വിലയിരുത്തപ്പെടുന്നു.

സീറ്റ് വിഭജന ചർച്ചകളിലെ തർക്കത്തെ തുടർന്ന് സിപിഎം സ്ഥാനാർഥിക്കെതിരെ സിപിഐ ഇവിടെ മൽസരിച്ചിരുന്നു. തിരുവാലി രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർഥി പി.സബീർ ബാബുവിനെതിരെ സിപിഐയിലെ ലോക്കൽ കമ്മിറ്റി അംഗം പി.ചന്ദ്രദാസാണ് മൽസരിച്ചത്. ഇവിടെ യുഡിഎഫും സിപിഐയെ പിന്തുണച്ചിരുന്നു. പകരമായി പഞ്ചായത്തിലെ മറ്റു വാർഡുകളിൽ യുഡിഎഫിനെ തിരിച്ചു സഹായിക്കുമെന്ന ധാരണയുണ്ടാക്കിയിരുന്നു.

ഈ വാർഡിൽ സിപിഐക്ക് ചലനമുണ്ടാക്കാനായില്ലെങ്കിലും മറ്റു വാർഡുകളിൽ സിപിഐക്കാർ യുഡിഎഫിനെ പിന്തുണച്ചുവെന്നാണ് ഫലത്തിൽനിന്നു വ്യക്തമാകുന്നത്. 390 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.സബീർ ബാബു ജയിച്ചത്.

ജയസാധ്യതയുള്ള വാർഡുകൾ സിപിഎം ഏറ്റെടുത്ത് യുഡിഎഫിന് വൻഭൂരിപക്ഷമുള്ള വാർഡുകൾ സിപിഐയ്ക്കു നൽകിയതാണ് പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ പിണക്കത്തിനു പിന്നിൽ. നാലു സ്വതന്ത്രർ വിജയിച്ചിട്ടുണ്ട്. രണ്ടുപേർ വീതം യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്വതന്ത്രരാണ്.

തിരുവാലി പഞ്ചായത്തിലെ കക്ഷിനില ഇങ്ങനെ:
(വാർഡ്, വിജയി, പാർട്ടി എന്ന ക്രമത്തിൽ)

1. ഇല്ലത്തുകുന്ന് – ഷാനി – എൽഡിഎഫ്
2. കൈതയിൽ – പി.സബീർ ബാബു – എൽഡിഎഫ്
3. തായങ്കോട് – അമൃത പുതുക്കോടൻ – യുഡിഎഫ്
4. പടകാലിപ്പറമ്പ് – നിഷ സജേഷ് – യുഡിഎഫ് (സ്വത)
5. നടുവത്ത് – പി.പി. മോഹനന്‍ – യുഡിഎഫ് (സ്വത)
6. എ.കെ.ജി നഗർ – കെ.പി. ഭാസ്കരൻ – എൽഡിഎഫ്
7. കണ്ടമംഗലം – അബ്ദുൽ നാസിർ ടിപി – യുഡിഎഫ്
8. വലോരിംഗൽ – ഗീത പെരുമുണ്ട – യുഡിഎഫ്
9. കൊട്ടക്കുന്ന് – പി. അഖിലേഷ് – യുഡിഎഫ്
10. പൂലാക്കൽ – രജിലേഖ കെ.വി. – എൽഡിഎഫ്
11. പുന്നപാല – നിർമല – എൽഡിഎഫ്
12. തിരുവാലി – കെ. രാമൻകുട്ടി – എൽഡിഎഫ്
13. തോടായം – അമ്പിളി കെ. – എൽഡിഎഫ് (സ്വത)
14. വട്ടപ്പറമ്പ് – കൃഷ്ണദാസൻ – എൽഡിഎഫ് (സ്വത)
15. പാതിരിയൽ – മന്നിയിൽ സജ്ന ടീച്ചർ – യുഡിഎഫ്
16. ശാരത്തുകുന്ന് – സുമ താരിയൻ – യുഡിഎഫ്

English Summary: CPI helped UDF to bring down Left rule in Malappuram Thiruvali Panchayat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com