നീക്കുപോക്കിൽ നിരവധി സ്ഥലത്ത് യുഡിഎഫ് ഭരണം പിടിച്ചു: വെൽഫെയർ പാർട്ടി
Mail This Article
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മികച്ച വിജയമാണ് നേടിയതെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഒരു കോർപറേഷൻ ഡിവിഷൻ, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 14 മുനിസിപ്പൽ വാർഡുകൾ, 49 ഗ്രാമപഞ്ചായത്ത് വാർഡുകൾ അടക്കം 65 സീറ്റുകളിലാണ് പാർട്ടി വിജയം നേടിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അൻപതിലധികം പഞ്ചായത്തുകളിൽ ഇടതുപക്ഷവുമായി ധാരണയുണ്ടായിരുന്നു. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിന്‍റെ ഫലമായി നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിച്ചെടുക്കാൻ ഇത്തവണ യുഡിഎഫിനായി. എൽഡിഎഫ്, ജോസ് കെ.മാണി വിഭാഗത്തെ കൂടെ നിർത്തിയത് കോട്ടയം ജില്ലയടക്കം പരമ്പരാഗത യുഡിഎഫ് കേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടാക്കി.
താല്‍ക്കാലിക നേട്ടത്തിനായി ഇടതുപക്ഷം തുടരുന്ന ധ്രുവീകരണം അവസാനിപ്പിച്ചില്ലെങ്കിൽ അധികം വൈകാതെ അവർക്കതു തിരിച്ചടിയായി മാറും. വിജയിച്ചയിടങ്ങളിൽ പാർട്ടി ജനപ്രതിനിധികൾ സുതാര്യവും പരിസ്ഥിതി സൗഹൃദവുമായ ജനപക്ഷ വികസന നിലപാടുയർത്തിപ്പിടിച്ച് ക്ഷേമ വാർഡുകളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Content highlights: Kerala local election: Welfare party