മൺമറഞ്ഞ എംജിആറിന്റെ പിന്തുടർച്ചയ്ക്കായി കൂട്ടയിടി; ബിജെപി, രജനി, ഇപ്പോൾ കമലും
Mail This Article
ചെന്നൈ ∙ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ മുൻ മുഖ്യമന്ത്രി എംജിആറിന്റെ രാഷ്ട്രീയ പിന്തുടർച്ചാവകാശത്തിനായി തമിഴകത്തു കൂട്ടയിടി. മരണമടഞ്ഞ് മൂന്നു പതിറ്റാണ്ടിനുശേഷവും എംജിആറിനു തമിഴ് മക്കളുടെ മനസ്സിലുള്ള സ്ഥാനം കൂടി വ്യക്തമാക്കുന്നതാണ് അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകൾ. എംജിആർ ഭരണം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെയാണു രജനീകാന്ത് നേരത്തെ തന്റെ രാഷ്ട്രീയ താൽപര്യങ്ങൾ തുറന്നു പറഞ്ഞത്
മുരുക ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ വെട്രിവേൽ യാത്രയുടെ പ്രചാരണത്തിനു ബിജെപിയും എംജിആറിന്റെ ജനപ്രീതി ഉപയോഗിച്ചു. എംജിആറിന്റെ യഥാർഥ പിന്തുടർച്ചാവകാശിയെന്ന വാദവുമായി ഇപ്പോൾ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനും രംഗത്തെത്തിയിരിക്കുന്നു. അപകടം തിരിച്ചറിഞ്ഞ അണ്ണാ ഡിഎംകെ, പാർട്ടിയുടെ സ്ഥാപക നേതാവിനെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിനൊരുങ്ങുകയാണ്.
രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ വിജയിച്ച എംജിആർ തമിഴ് ജനതയ്ക്ക് ഇന്നും വികാരമാണ്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് ഡിഎംകെയുടെ പ്രധാന പ്രചാരകനായി. 1967ൽ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡിഎംകെ അധികാരമേറിയപ്പോൾ അതിനു പിന്നിൽ എംജിആറിന്റെ താരത്തിളക്കത്തിനും പങ്കുണ്ടായിരുന്നു. എംജിആർ നിയമസഭാംഗവുമായി.
അണ്ണാദുരൈയുടെ മരണശേഷം കരുണാനിധിയുമായി ഇടഞ്ഞാണ് എംജിആർ അണ്ണാ ഡിഎംകെ രൂപീകരിച്ചത്. 1972ൽ രൂപീകരിച്ച പാർട്ടി 77ൽ അധികാരം പിടിച്ചു. പിന്നീട് എംജിആർ മരണംവരെ മുഖ്യമന്ത്രി സ്ഥാനത്തു തുടർന്നു. ഇതിനിടെ, 3 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. സിനിമയിലെ നക്ഷത്രമെന്നതിനൊപ്പം ഒട്ടേറെ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ ഭരണാകാരിയെന്നതു കൂടിയാണ് എംജിആറിനെ തമിഴരുടെ ഇഷ്ട നേതാവാക്കുന്നത്.
സിനിമയിൽനിന്നു രാഷ്ട്രീയത്തിലെത്തുന്നവർ എംജിആറിന്റെ പിന്തുടർച്ച അവകാശപ്പെടുന്നതു ഇതാദ്യമല്ല. ആരാധകർ കറുത്ത എംജിആർ എന്നു വിളിക്കുന്ന വിജയകാന്തും മക്കൾ തിലകത്തെ മാതൃകയാക്കിയാണു രാഷ്ട്രീയപ്രവേശം നടത്തിയത്. പാർട്ടി സ്ഥാപക നേതാവായ എംജിആറിനെക്കാൾ മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കാണു സർക്കാർ പ്രാധാന്യം നൽകുന്നത്. ‘അമ്മാ സർക്കാരെന്നാണു’ മുഖ്യമന്ത്രിയുൾപ്പെടെ വിശേഷിപ്പിക്കുന്നതും.
English Summary: After BJP and Rajinikanth, Kamal Haasan stakes claim to MGR’s legacy