അയോധ്യയിലെ പള്ളിയുടെ ശിലാസ്ഥാപനം ജനുവരി 26ന്; ബ്ലൂപ്രിന്റ് 19ന് പുറത്തുവിടും
Mail This Article
അയോധ്യ ∙ അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ ശിലാസ്ഥാപനം 71ാം റിപ്പബ്ലിക് ദിനമായ ജനുവരി 26ന് നടത്തും. രാമജന്മഭൂമി കോപ്ലക്സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി സ്ഥാപിക്കുന്നത്. 2019 നവംബറിലെ സുപ്രീം കോടതി നിർദേശപ്രകാരം സുന്നി വഖഫ് ബോർഡിനു കൈമാറിയ 5 ഏക്കർ ഭൂമിയിലാണു നിർമാണം.
ഏഴു ദശകങ്ങൾക്കുമുൻപ് ഭരണഘടന നിലവിൽ വന്ന ദിവസമാണ് പള്ളി പണിയാൻ തിരഞ്ഞെടുത്തതെന്ന് സുന്നി വഖഫ് ബോർഡ് രൂപീകരിച്ച ഇന്തോ– ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു. മുഖ്യ ആർക്കിടെക്റ്റ് ആയ പ്രഫ. എസ്.എം.അഖ്തറിന്റെ ഡിസൈൻ അനുസരിച്ച് നിർമിക്കാൻ പോകുന്ന പള്ളി, മൾട്ടി സ്പെഷാലിറ്റി ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി തുടങ്ങിയവയുടെ ബ്ലൂ പ്രിന്റ് ഡിസംബർ 19ന് പുറത്തുവിടും.
2000 പേർക്ക് നമസ്കരിക്കാൻ കഴിയുന്ന രീതിയിലാണ് പള്ളി പണിയുകയെന്ന് അഖ്തർ ദേശീയ മാധ്യമത്തോടു പറഞ്ഞു. ബാബ്റി മസ്ജിദിനേക്കാൾ വലിയ പള്ളിയായിരിക്കും. എന്നാൽ അതേ രൂപമായിരിക്കില്ല. അഞ്ചേക്കറിലെ കേന്ദ്രബിന്ദു ആശുപത്രി സമുച്ചയമായിരിക്കും. 300 കിടക്കകളുള്ള ആശുപത്രിയിൽ സൗജന്യ ചികിത്സയായിരിക്കും നൽകുക– അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Ayodhya mosque’s foundation to be laid on Republic Day