ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെ കോൺഗ്രസിലും യുഡിഎഫിലും കലാപം. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ അവിശ്വാസം പ്രകടിപ്പിച്ചപ്പോൾ, പാർട്ടിക്കുള്ളിൽ നേതൃമാറ്റമെന്ന ആവശ്യം ഉയർന്നു തുടങ്ങി. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരനും കെ.സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും പി.ജെ.കുര്യനും രംഗത്തെത്തി.

യൂത്ത് കോൺഗ്രസ് പ്രതിഷേധമുയർത്തിയതിനു പിന്നാലെ കെപിസിസി ആസ്ഥാനത്തിനു മുന്നിൽ ജില്ലാ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയസമിതി യോഗത്തിൽ നേതൃത്വത്തിന്റെ പിഴവും സംഘടനാതലത്തിലെ പോരായ്മകളും ചർച്ചയാകുമ്പോൾ രൂക്ഷമായ വിമർശനങ്ങളാണ് നേതൃത്വത്തെ കാത്തിരിക്കുന്നത്. സർക്കാർ അഴിമതി ആരോപണങ്ങളിൽ നിറ‍ഞ്ഞു നിൽക്കുമ്പോള്‍ അപ്രതീക്ഷിത തോൽവി നേതൃത്വത്തിനു പ്രഹരമായി.

നേതാക്കൾ പ്രസ്താവനകളിറക്കിയതല്ലാതെ താഴേത്തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം അണികൾക്കിടയിൽ ശക്തമാണ്. ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ഗ്രൂപ്പടിസ്ഥാനത്തിൽ ആളുകളെ ഒതുക്കിയതും തിരിച്ചടിയായി. ‘ മന്ത്രിയും മുഖ്യമന്ത്രിയും ആകാനിരിക്കുന്നവർ പണിയെടുക്കണം’ എന്ന കെ.മുരളീധരന്റെ പ്രസ്താവനയിൽ എല്ലാമുണ്ട്.

സർക്കാരിന്റെ പ്രവർത്തനങ്ങളുടെ താഴെത്തട്ടിലുള്ള വിലയിരുത്തലാകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ അവയൊന്നും പറയാതെ സ്വർണക്കടത്തിനു പിന്നാലെ മാത്രം പോയത് തിരിച്ചടിയായി എന്ന അഭിപ്രായം നേതൃത്വത്തിൽ ഒരുവിഭാഗത്തിനുണ്ട്. സൗജന്യ കിറ്റും സമൂഹിക പെൻഷനും എൽഡിഎഫ് ഉയർത്തിക്കാട്ടിയപ്പോൾ അതൊന്നും മുഖവിലയ്ക്കെടുക്കാത്ത സമീപനത്തിനും തിരിച്ചടി നേരിട്ടു. ലൈഫ് മിഷന്‍ പിരിച്ചു വിടുമെന്ന നേതാക്കളുടെ പ്രസ്താവനയും തിരിച്ചടിയായെന്ന ചിന്ത പാർട്ടിക്കുണ്ട്.

ജോസ് പക്ഷത്തെ മുന്നണിയിൽ നിർത്താൻ കഴിയാത്ത നേതൃത്വത്തിനെതിരെയും വിമർശനമുയരുന്നു. നേതാക്കള്‍ തമ്മിൽ ഒത്തൊരുമയില്ലെന്ന വിമർശനം ഉയരുമ്പോൾ അത് എത്തി നിൽക്കുന്നത് ചെന്നിത്തല, മുല്ലപ്പള്ളി, ഹസൻ തുടങ്ങിയ നേതൃനിരയിലേക്കാണ്. ഐക്യത്തോടെ മുന്നോട്ടുപോകാൻ കഴിഞ്ഞില്ലെന്നും പ്രസ്താവനകളിൽപോലും ഭിന്നത നിഴലിച്ചെന്നും ഘടകക്ഷികളും അഭിപ്രായപ്പെടുന്നു. കെപിസിസി പ്രസിഡന്റും യുഡിഎഫ് കൺവീനറും വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നതെന്നു കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനും വിമർശിച്ചു.

സ്ഥാനാർഥി നിർണയത്തിലടക്കം നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായില്ലെന്നും താഴേത്തട്ടിൽ പ്രവർത്തിക്കാനാളില്ലാത്ത അവസ്ഥയാണെന്നും പ്രാദേശിക ഘടകങ്ങളും പറയുന്നു. വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ പേരിലും മുന്നണിയിൽ പോര് തുടരുന്നു. വെൽഫെയർ പാർട്ടി ബന്ധം ചിലർ പബ്ലിസിറ്റിക്ക് ഉപയോഗിച്ചെന്ന വിമർശനം ആർഎസ്പി ഉയർത്തി.

അനുകൂല സാഹചര്യം മുതലാക്കാനാകാത്തതിൽ ദേശീയ നേതൃത്വത്തിനു അതൃപ്തിയുണ്ട്. നേതൃതലത്തിൽ സമഗ്രമായ അഴിച്ചുപണിയുണ്ടാകുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. നേതൃത്വം ശക്തമാകണമെന്ന ഘടകക്ഷികളുടെ അഭിപ്രായവും കോൺഗ്രസിനു മുഖവിലയ്ക്കെടുക്കേണ്ടിവരും.

English Summary: Clashes in UDF and Congress after the defeat in Kerala Local Body Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com