പിന്തുണയ്ക്കാമെന്ന് ലീഗ് വിമതൻ; മുക്കം നഗരസഭയും എൽഡിഎഫിന്
Mail This Article
കോഴിക്കോട് ∙ മുക്കം നഗരസഭയിൽ ഭരണം എൽഡിഎഫിന്. ലീഗ് വിമതൻ എൽഡിഎഫിനെ പിന്തുണയ്ക്കും. വിമതനെ പിന്തുണയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതായി സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി പ്രതികരിച്ചു. ലീഗ് വിമതനായി ജയിച്ച അബ്ദുൽ മജീദുമായി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കരാറുണ്ടാക്കിയിരുന്നു.
ലീഗ് വിമതൻ ജയിച്ചാൽ എൽഡിഎഫിനെ പിന്തുണയ്ക്കും എന്ന് ഉറപ്പു നൽകിയിരുന്നു. ഇദ്ദേഹം മത്സരിച്ച ഡിവിഷനിൽ സിപിഎമ്മിന്റെ സ്ഥാനാർഥിയെ മരവിപ്പിച്ചിരുന്നതായും സെക്രട്ടറി പറയുന്നു. ലീഗ് നേതൃത്വം തന്നെ വഞ്ചിച്ചതായി അബ്ദുൽ മജീദ് ആരോപിച്ചു. പിന്തുണ ആവശ്യപ്പെട്ട് ബന്ധപ്പെടാനുള്ള ധൈര്യം അവർക്കുണ്ടാകില്ല. ഇടത് നേതാക്കളുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
മുക്കത്ത് 15 സീറ്റ് എൽഡിഎഫിനും 15 സീറ്റ് യുഡിഎഫിനും കിട്ടി. ഒരു സീറ്റിൽ ലീഗ് വിമത സ്ഥാനാർഥിയും രണ്ടിടത്ത് എൻഡിഎയും ജയിച്ചു. വിമതൻ പിന്തുണച്ചാൽ ഒറ്റ സീറ്റിന്റെ അധിക പിന്തുണയിൽ എല്‍ഡിഎഫിന് മുക്കത്ത് അധികാരത്തിലേറാം. യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച നഗരസഭയാണു മുക്കം.
English Summary: League rebel to support LDF