കലാം പ്രതിമ പുഷ്പാർച്ചനയോടെ കാത്ത ശിവദാസന്റെ മരണം; പ്രതി പിടിയിൽ
Mail This Article
കൊച്ചി∙ മറൈൻ ഡ്രൈവിലെ കലാം പ്രതിമയ്ക്കു മുൻപിൽ നിത്യവും പുഷ്പങ്ങളർപ്പിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തതിലൂടെ ശ്രദ്ധേയനായ കൊല്ലം കോയിവിള കല്ലേരിക്കൽ മുക്കിൽ ശിവദാസന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതി പറവൂർ ഏഴിക്കര കൈതാരം കോടതിക്കു സമീപം കൈതപ്പിള്ളിപ്പറമ്പിൽ രാജേഷിനെയാണു(സുധീർ–40) അറസ്റ്റ് ചെയ്തത്. ‘വടി’ എന്നറിയപ്പെടുന്ന ഇയാൾ ഭിന്നശേഷിക്കാരനാണ്.
മറൈൻ ഡ്രൈവിലെ കലാം മാർഗിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തതിലൂടെ ശ്രദ്ധേയനായ ശിവദാസനോടുള്ള അസൂയയാണു കൊലപാതക കാരണമെന്നാണു പൊലീസ് കണ്ടെത്തൽ.
പൊലീസ് പറയുന്നത്: വാർത്തകളിലൂടെ പ്രശസ്തനായ ശിവദാസന്റെ ജീവിതം സമൂഹമാധ്യമങ്ങളിലും വൈറലായി. ഇദ്ദേഹത്തെ പലരും അന്വേഷിച്ചെത്തുകയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുന്നതു പതിവായിരുന്നു. മറൈൻ ഡ്രൈവിൽ കലാം പ്രതിമയ്ക്കു സമീപം അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു. ഇതിൽ അസൂയ പൂണ്ട പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു.
കോവിഡ് സാഹചര്യത്തിൽ മറൈൻ ഡ്രൈവിൽ ആൾപ്പെരുമാറ്റം കുറഞ്ഞതോടെ രാജേഷും ഇയാൾക്കൊപ്പമുള്ള സംഘവുമാണു മറൈൻ ഡ്രൈവിൽ പല സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്. ഇവിടെ അന്തിയുറങ്ങാനെത്തുന്നവർക്കെല്ലാം രാജേഷിനെയും സംഘത്തിനെയും ഭയമാണ്. 15ന് രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അവശനായ ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻവാരിയെല്ലുകൾ ഒടിഞ്ഞതാണു മരണകാരണമായത്.
കൊലപാതക ശേഷം തെളിവുകൾ നശിപ്പിക്കാനും രാജേഷ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ശിവദാസന്റെ ശരീരത്തിലെ അസ്വാഭാവിക മുറിവുകൾ പരിശോധനയിൽ കണ്ടതിനെത്തുടർന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇതോടെ മറ്റു ചിലരുടെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു.
ശശികലയാണു കൊല്ലപ്പെട്ട ശിവദാസന്റെ ഭാര്യ. മൃതദേഹം നിലവിൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കളെത്തിയാൽ വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. എസിപി കെ.ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ ഇൻസ്പെക്ടർ എസ്.വിജയശങ്കർ, എസ്ഐമാരായ കെ.ജി.വിപിൻകുമാർ, കെ.എക്സ്.തോമസ്, കെ.കെ.പ്രദീപ് കുമാർ, ടി.എസ്.ജോസഫ്, സതീശൻ, എസ്.ടി.അരുൾ, എഎസ്ഐമാരായ കെ.ടി.മണി, എ.കെ.ദിലീപ്കുമാർ, ഇ.എം.ഷാജി തുടങ്ങിയവരാണു കേസ് അന്വേഷിച്ചത്.
English Summary: One arrested in murder case of Sivadasan, who kept daily tributes to APJ statue at Kochi