അമിത് ഷാ വരുന്നു: തൃണമൂലില്‍ കൂട്ടരാജി; സുവേന്ദുവിനെ വിടാതെ സ്പീക്കര്‍
Mail This Article
കൊല്‍ക്കത്ത∙ തൃണമൂല്‍ കോണ്‍ഗ്രസ് റിബല്‍ സുവേന്ദു അധികാരിയുടെ രാജി സ്വീകരിക്കാതെ ബംഗാള്‍ നിയമസഭാ സ്പീക്കര്‍. തിങ്കളാഴ്ച താനുമായി കൂടിക്കാഴ്ച നടത്താന്‍ സുവേന്ദുവിനോടു സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ആവശ്യപ്പെട്ടു. രാജി സ്വീകരിക്കും വരെ തൃണമൂല്‍ എംഎല്‍എയായി സുവേന്ദു തുടരും.
2007ലെ നന്ദിഗ്രാം സമരത്തിന്റെ സൂത്രധാരനായിരുന്ന സുവേന്ദുവിനെ ഏതു വിധേനെയും തിരിച്ചെത്തിക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കത്തിന്റെ ഭാഗമായാണ് സ്പീക്കര്‍ രാജി സ്വീകരിക്കാതിരിക്കുന്നത്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത് സുവേന്ദുവാണ്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് അമ്പതോളം സീറ്റുകളില്‍ പ്രാദേശിക നേതാക്കള്‍ക്കു മേല്‍ ശക്തമായ നിയന്ത്രണമാണ് സുവേന്ദുവിനുള്ളത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബംഗാളില്‍ എത്താനിരിക്കെയാണ് തൃണമൂലില്‍നിന്നു കൂട്ട കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം പിടിക്കാന്‍ വന്‍ രാഷ്ട്രീയ നീക്കങ്ങളാണു ബിജെപി നടത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഭരണകക്ഷിയായ തൃണമൂലില്‍നിന്ന് നാല് വമ്പന്‍ കൊഴിഞ്ഞുപോക്കുകളാണ് ഉണ്ടായിരിക്കുന്നത്. നാലു മാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുവേന്ദു ഉള്‍പ്പെടെയുള്ളവരുടെ രാജി മമതയെയും തൃണമൂലിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മമതയുടെ വലംകൈയും ഗ്രാമീണ മേഖലയില്‍ തൃണമൂലിന്റെ ജീവശ്വാസവുമായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്ന സുവേന്ദു അധികാരി. മുകുള്‍ റോയി അടക്കം ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടിവിട്ട് ബിജെപി പാളയത്തില്‍ എത്തിയപ്പോഴും സുവേന്ദു മമതയ്‌ക്കൊപ്പം അടിയുറച്ചുനിന്നിരുന്നു. സിപിഎമ്മിന്റെ കോട്ടകളായിരുന്ന ഗ്രാമങ്ങളില്‍ തൃണമൂലിന്റെ കൊടി പാറിച്ച നായകനാണ് 2007ലെ നന്ദിഗ്രാം സമരത്തിന്റെ മുന്നണിപ്പോരാളിയായ സുവേന്ദു.
ഇന്നലെ സുവേന്ദു രാജി വച്ചതിനു പിന്നാലെ മറ്റൊരു എംഎല്‍എയായ ജിതേന്ദ്ര തിവാരിയും രാജി പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ തിവാരിയുടെ അടുത്ത അനുയായിയായ ദീപ്താന്‍ഷു ചൗധരിയും പാര്‍ട്ടിവിട്ടു. ബിജെപിയില്‍നിന്നാണ് ഇദ്ദേഹം തൃണമൂലില്‍ എത്തിയത്. ഇന്ന് എംഎല്‍എ സില്‍ഭദ്ര ദത്തയും ന്യൂനപക്ഷ സെല്‍ നേതാവ് കബീറുള്‍ ഇസ്ലാമും രാജിവച്ചു. നേരത്തെ പാര്‍ട്ടിവിട്ട മുകുള്‍ റോയിയുമായി അടുത്ത ബന്ധമാണ് സില്‍ഭദ്രയ്ക്ക്. പാര്‍ട്ടിയുടെ രണ്ടാം നിരയിലുള്ള പല നേതാക്കളും രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ എംഎല്‍എമാര്‍ സുവേന്ദുവിനെയും സില്‍ഭദ്രയെയും തുണച്ചു പാര്‍ട്ടി വിട്ടേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
English Summary: Bengal Speaker Rejects Trinamool Rebel Suvendu Adhikari's Resignation