സി.എം. രവീന്ദ്രന്റെ രണ്ടാം ദിന ചോദ്യം ചെയ്യൽ പൂർത്തിയായി
Mail This Article
കൊച്ചി∙ മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ 11 മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. വ്യാഴാഴ്ച 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് വെള്ളിയാഴ്ച രാവിലെ രവീന്ദ്രൻ വീണ്ടും ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിൽ ഹാജരായത്.
നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യൽ. ഇതോടൊപ്പം ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട ഇടപാടുകൾ, സ്വത്തു വിവരങ്ങൾ തുടങ്ങിയവയും ഇദ്ദേഹത്തിൽനിന്ന് ഇഡി ചോദിച്ചറിയുന്നുണ്ട്. ഇദ്ദേഹത്തിന് ബെനാമി സ്വത്ത് ഉണ്ടോ എന്ന വിവരങ്ങളും ഇഡി അന്വേഷണ സംഘം തേടിയിരുന്നു.
ഇഡിയുടെ നാലാമത്തെ നോട്ടിസിൽ വ്യാഴാഴ്ച രാവിലെ ഹാജരായ രവീന്ദ്രനെ രാത്രി 11.15 വരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിനിടെ ഭക്ഷണത്തിനും വിശ്രമത്തിനും സമയം അനുവദിച്ചത് ഒഴിച്ചാൽ തുടർച്ചയായ ചോദ്യം ചെയ്യലിനാണ് വിധേയനായത്. തന്നെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഹർജിയിൽ വിധി വരുന്നതിനു മുമ്പു തന്നെ ഇദ്ദേഹം അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുകയും ചെയ്തു. രാവിലെ 11ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടെങ്കിലും രാവിലെ 8.45ന് തന്നെ ഇദ്ദേഹം ഹാജരായി.
രവീന്ദ്രന്റെയും ബന്ധുക്കളുടെയും സ്വത്തു വിവരം സംബന്ധിച്ചായിരുന്നു വ്യാഴാഴ്ച ചോദ്യം ചെയ്തത് എന്നാണ് ഇഡി വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരം. ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും അഞ്ചു വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകളുമായാണ് ഇദ്ദേഹം ഇന്നലെ ഹാജരായത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചെങ്കിലും കൊച്ചിയിൽ തന്നെ താമസിച്ച് വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് എത്തുകയായിരുന്നു.
English Summary: CM Raveendran second day questioning completed