സുരേന്ദ്രന് പിടിപ്പുകേടും ഏകാധിപത്യവും: ബിജെപിയിൽ പൊട്ടിത്തെറി
Mail This Article
കൊച്ചി ∙ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്നു കെ. സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രനേതൃത്വത്തിനു പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ കത്തയച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അധ്യക്ഷന്റെ പിടിപ്പുകേടും ഏകാധിപത്യ നിലപാടുകളും മൂലമാണ് എന്നാണു കത്തിലെ ആരോപണം.
കോർ കമ്മിറ്റിയോ തിരഞ്ഞെടുപ്പു കമ്മിറ്റിയോ ചേരാതെയും പ്രകടനപത്രിക തയാറാക്കാതെയുമായാണു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മോശം പ്രകടനത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രൻ രാജിവയ്ക്കണമെന്നും പറയുന്നു.
8,000 സീറ്റുകളും 194 പഞ്ചായത്തുകളും 24 നഗരസഭകളും തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളും നേടാമെന്നായിരുന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു നൽകിയ ഉറപ്പ്. എന്നാൽ, അടുത്തു പോലും എത്താൻ കഴിഞ്ഞില്ല. വോട്ടാക്കി മാറ്റാമായിരുന്ന കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടി പ്രചാരണം നടത്തിയില്ല.
സംസ്ഥാനാധ്യക്ഷൻ സ്വർണക്കള്ളക്കടത്തിനെയും ഇടതുപക്ഷ നേതാക്കളെയും വിമർശിച്ചു മുന്നോട്ടു പോയപ്പോൾ കേന്ദ്ര പദ്ധതികൾ പേരുമാറ്റി നടപ്പാക്കിയ എൽഡിഎഫ് നേട്ടം കൊയ്തുവെന്നു കത്തിലുണ്ട്. ഈ സ്ഥിതി തുടർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നും സുരേന്ദ്രനെ മാറ്റി എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്ന അധ്യക്ഷനെ നിയമിക്കണമെന്നുമാണു കത്തിലെ ആവശ്യം.
English Summary: Clashes starts in BJP, Leaders demand leadership change