‘ കെ. സുധാകരനെ വിളിക്കൂ; കോൺഗ്രസിനെ രക്ഷിക്കൂ’: തലസ്ഥാനത്ത് ഫ്ലക്സുകൾ
Mail This Article
തിരുവനന്തപുരം∙ കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ഫ്ലക്സ് ബോര്‍ഡുകൾ. കെപിസിസി ആസ്ഥാനത്തിനു മുന്നിലും എംഎല്‍എ ഹോസ്റ്റലിനു മുന്നിലുമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും പോസ്റ്ററിൽ പറയുന്നു. പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ യുഡിഎഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിനു ചേരും. ഘടകകക്ഷികളെല്ലാം അസംതൃപ്തരും ആശങ്കാകുലരുമായ സാഹചര്യത്തിൽ അതിന്റെ പ്രതിഫലനം യോഗത്തിലുണ്ടാകും. യുഡിഎഫ് ഗൗരവമായി ചില കാര്യങ്ങൾ പരിശോധിക്കണമെന്നു മുസ്‌ലിം ലീഗ് പരസ്യമായി അഭിപ്രായപ്പെട്ടു കഴിഞ്ഞു.
കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾ തീർത്ത് മുന്നണിക്കു കൂടുതൽ കെട്ടുറപ്പും കരുത്തും നൽകാനുള്ള തിരക്കിട്ട നടപടികൾ വേണമെന്ന അഭിപ്രായം ഘടകകക്ഷികളിൽ ശക്തമാണ്. ഘടകകക്ഷികളിൽ ലീഗ് കരുത്തു തെളിയിച്ചതൊഴിച്ചാൽ എല്ലാവർക്കും ചോർച്ചകളാണു സംഭവിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ അടിയന്തരമായി തിരുത്തൽ നടപടികളിലേക്കു കടക്കേണ്ട സ്ഥിതിയാണു മുന്നണിക്ക്.തോൽവി പരിശോധിക്കാൻ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഇന്നു രാവിലെ പത്തിനു കെപിസിസി ആസ്ഥാനത്തു നടക്കും.
English Summary: Flex boards Seeking Leadership Change in Congress