ADVERTISEMENT

പാലക്കാട്∙ നഗരസഭാ ആസ്ഥാനത്ത് ബിജെപിയുടെ വിജയാഘോഷത്തിനിടെ ജയ്ശ്രീറാം ബാനർ തൂക്കിയ സംഭവത്തിൽ ബിജെപിയിൽ പൊട്ടിത്തെറി. നടപടി അപക്വമെന്നും പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നും മുതിർന്ന നേതാവ് ബി. രാധാകൃഷ്ണ മേനോൻ വിമർശനം ഉന്നയിച്ചു.

പാലക്കാട്ടെ പ്രവര്‍ത്തകരുടെ അതിരുവിട്ട പ്രകടനം നേതൃത്വത്തിന്‍റെ കൂടി വീഴ്ചയാണെന്നും ബി. രാധാകൃഷ്ണ മേനോൻ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് തുറന്നു പറഞ്ഞ രാധാകൃഷ്ണ മേനോന്‍ സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും ചൂണ്ടിക്കാട്ടി. 

കമ്മറ്റികള്‍ പോലും സജ്ജമാക്കാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒപ്പം നേതാക്കളുടെ വിഴുപ്പലക്കലും തിരിച്ചടിയായി. കോട്ടയം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിച്ചില്ല. ബിഡിജെഎസും കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ല. മുതിര്‍ന്ന നേതാക്കളോടുള്ള സമീപനത്തില്‍ ഉള്‍പ്പെടെ നേതൃത്വത്തിന് കാതലായ മാറ്റം വേണമെന്നുമാണ് ആവശ്യം. തിരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച അവലോകന യോഗങ്ങള്‍ നടക്കാനിരിക്കെയാണ് നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍. 

സംഭവത്തിൽ മുനിസിപ്പൽ സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. വോട്ടെണ്ണൽ കേന്ദ്രമായ നഗരസഭാ കെട്ടിട്ടത്തിൽ സ്ഥാനാർഥികളുടെ പ്രതിനിധികളായി എത്തിയവരാണ് ബാനർ സ്ഥാപിച്ചത്. ഉടൻ തന്നെ പൊലീസ് ഇടപെട്ട് ബാനർ നീക്കിയെങ്കിലും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ബിജെപിക്കെതിരെ വിമർശനമുയർന്നു. 

കഴിഞ്ഞ ബുധനാഴ്ച ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് പാലക്കാട് നഗരസഭാ കാര്യാലയത്തിനു മുന്നിൽ ജയ്ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയത്. മിനിറ്റുകൾക്കകം നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

English Summary: Jai Shri Ram banner controversy B Radhakrishna Menon slams leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com