ADVERTISEMENT

കൊച്ചി∙ നേരിട്ട് പരിചയമില്ലാതിരുന്നിട്ടും കഷ്ടപ്പാടുകണ്ട് മനസലിഞ്ഞ് സ്വന്തം വൃക്ക ദാനം ചെയ്ത കോട്ടയം പാറത്തോട്ട് ആന്റണി ജോസഫിന്റെ കാരുണ്യത്തിന് നാട്ടുകാരുടെ രണ്ടു വോട്ട് വിജയം. പാറത്തോട് ഗ്രാമപഞ്ചായത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ തോമസിനെ 408നെതിരെ 410 വോട്ടുകൾക്ക് തോൽപിച്ചാണ് സ്വതന്ത്രനായി മത്സരിച്ച ആന്റണി വിജയം നേടിയത്. കോൺഗ്രസിന്റെ ജോസ് കാന്താരിക്ക് ലഭിച്ചത് 194 വോട്ടുകൾ. തന്റെ സുഹൃത്തുക്കളുടെ കഠിന പ്രയത്നമാണ് വിജയത്തിലേക്ക് എത്തിച്ചതെന്ന് ആന്റണി പറയുന്നു. നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കാൻ ലഭിച്ച അവസരം പൂർണമായും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പ്രതികരിച്ചു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ ഇവന്റ് മാനേജ്മെന്റ് ബിസിനസും കാറ്ററിങ്ങുമായി കഴിയുന്നതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പു വരുന്നതും മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നതും. കൃത്യസമയത്ത് പാർട്ടി സീറ്റു നൽകാതെ വന്നതോടെ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. മത്സരം കനത്തതോടെ എതിർ പക്ഷത്തുള്ളവർ തനിക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തി. വൃക്ക ദാനം ചെയ്തെന്ന പ്രചാരണം വ്യാജമാണെന്നും പണം വാങ്ങി വൃക്ക നൽകിയെന്നും വരെ ആരോപണമുയർന്നു. ഇതോടെ വൃക്ക സ്വീകരിച്ച ആലപ്പുഴ ചമ്പക്കുളം സ്വദേശി വർഗീസ് വസ്തുതകൾ വെളിപ്പെടുത്തി രംഗത്തെത്തി. തനിക്ക് സൗജന്യമായാണ് ഇദ്ദേഹം വൃക്ക ദാനം ചെയ്തതെന്നും ആശുപത്രി ചെലവുകൾ പോലും സ്വയം വഹിക്കുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. വൃക്ക ദാനം ചെയ്ത് കൃത്യം ഒരു വർഷം പൂർത്തിയാകുന്ന ദിവസം തന്നെ തിരഞ്ഞെടുപ്പു വന്നു എന്നതും യാദൃശ്ചികമായി.

ഓട്ടോ ഡ്രൈവർ വണ്ടകം വർഗീസ് തോമസിന്റെ ജീവിതമാണ് ആന്റണിയുടെ കാരുണ്യത്തിൽ തിരികെ ലഭിച്ചത്. ഒരു വൈകുന്നേരം കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ വാട്സാപ്പിൽ വന്ന സന്ദേശമാണ് ഇരുവരുടെയും ജീവിതത്തിൽ നിർണായകമായത്. വൃക്ക തകരാറിലായ വർഗീസിന്റെ സഹായ അഭ്യർഥന കണ്ട് ഫോൺ ചെയ്യുമ്പോഴോ അദ്ദേഹത്തെ പണം നൽകി സഹായിക്കാമെന്നു കരുതി നേരിട്ട് കാണാൻ പോകുമ്പോഴോ വൃക്ക നൽകുന്നത് ആലോചനയിൽ ഇല്ലായിരുന്നു എന്ന് അദ്ദേഹം പറയുന്നു. വീട്ടിലെത്തി സാഹചര്യങ്ങൾ കണ്ടപ്പോൾ സഹായിക്കണമെന്നു തോന്നി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഓട്ടോ ഡ്രൈവറായിരുന്ന വർഗീസ് ചികിത്സകൾ നടത്തിയിരുന്നത്. ഭാര്യയും രണ്ടു മക്കളും പിതാവും അടങ്ങിയ കുടുംബത്തിന്റെ ഏക അത്താണിയുമായിരുന്നു ഇദ്ദേഹം.

സർജറിക്കും അതിനു ശേഷവുമുള്ള ചികിത്സയ്ക്ക് നാട്ടുകാർ പണം പിരിച്ചെടുത്തു നൽകുമെന്ന് പറഞ്ഞപ്പോൾ വൃക്ക നൽകാൻ താൻ തയാറാണെന്ന് അറിയിച്ചു. ആ തീരുമാനം അത്ര വലിയ കാര്യമാണെന്നു കരുതുന്നില്ലെന്ന നിലപാടിലാണ് ഇപ്പോഴും ആന്റണി. തന്റെ രണ്ടു വൃക്കകളും പൂർണ ആരോഗ്യമുള്ളത് ആയതിനാലാണല്ലോ ഒരെണ്ണം നൽകാൻ സാധിച്ചത് എന്നു മാത്രമേ കരുതുന്നുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൃക്ക നൽകിയ കാര്യം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം അറിവുണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ സുഹൃത്തുക്കൾ വഴി കൂടുതൽ പേരിലേക്ക് ഈ വിവരം എത്തി. ഇതോടെയാണ് എതിരാളികൾ ആരോപണങ്ങൾ ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നു. സ്വന്തം നാട്ടിലെ അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം കാണുകയാണ് വിജയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ആന്റണി ജോസഫ് പറയുഞ്ഞു.

English Summary: Kidney donor contested in Local Body election wins for two votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com