ADVERTISEMENT

തൃശൂർ∙ തൃശൂരില്‍ സ്വതന്ത്രനായി ജയിച്ച കോൺഗ്രസ് വിമതൻ എം.കെ.വര്‍ഗീസുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. യുഡിഎഫിനൊപ്പം വന്നാല്‍ അഞ്ചു വര്‍ഷം മേയറാക്കാമെന്നാണു വാഗ്ദാനം. എല്‍ഡിഎഫാകട്ടെ വര്‍ഗീസിനു തുടക്കത്തിൽ തന്നെ മേയര്‍ പദവി നല്‍കാന്‍ തയാറല്ല.  

നെട്ടിശേരിയിൽ കോൺഗ്രസ് സീറ്റ് നിഷേധിക്കുകയും പകരം ബൈജു വർഗീസിനെ സ്ഥാനാർഥിയാക്കുകയും ചെയ്തപ്പോഴാണ് ജനകീയ മുന്നണി രൂപീകരിച്ച് വർഗീസ് മത്സരിച്ചത്.1123 വോട്ട് വർഗീസ് നേടിയപ്പോൾ 1085 വോട്ട് കോൺഗ്രസ് സ്ഥാനാർഥി ബൈജു വർഗീസ് നേടി.

തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനൊപ്പം സഹകരിക്കുമെന്നായിരുന്നു എം.കെ.വര്‍ഗീസിന്റെ തുടക്കത്തിലെ നിലപാട്. പക്ഷേ, മേയര്‍ പദവി സംബന്ധിച്ച് കൃത്യമായ ഓഫര്‍ ഇനിയും എല്‍ഡിഎഫ് മുന്നോട്ടു വച്ചിട്ടില്ല. കോര്‍പറേഷന്‍ ഭരണത്തിന്റെ തുടക്കത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഷാജനെ മേയറാക്കണമെന്നാണ് ഇടതുമുന്നണിയുടെ ആഗ്രഹം. 

ആറു മാസത്തിനുള്ളില്‍ പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് നടക്കും. ഈ വാര്‍ഡില്‍ ജയം ഉറപ്പിച്ചാല്‍ പിന്നെ എം.കെ.വര്‍ഗീസിന്റെ പിന്തുണ എല്‍ഡിഎഫിന് ആവശ്യമില്ല. ഈ പഴുത് ഉയര്‍ത്തിക്കാട്ടിയാണ് ടി.എന്‍.പ്രതാപന്‍ എം.പിയും ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റും എം.കെ.വര്‍ഗീസുമായി ചര്‍ച്ച നടത്തിയത്.

ഇരുപത്തിനാലു സീറ്റുകളാണ് നിലവില്‍ എല്‍ഡിഎഫിന്. യുഡിഎഫിന് ഇരുപത്തി മൂന്ന് സീറ്റും. വിമതന്‍ എല്‍ഡിഎഫിലേക്ക് വന്നാല്‍ ഇരുപത്തിയഞ്ചാകുന്നതോടെ. എല്‍ഡിഎഫിന് ഭരണം പിടിക്കാനാവും. എം.കെ. വർഗീസ് യുഡിഎഫിനൊപ്പം പോയാല്‍ ഇരുകക്ഷികള്‍ക്കും കക്ഷിനില തുല്യമാകും. പിന്നെ, നറുക്കെടുപ്പിലൂടെ മാത്രമേ ഭരണം തീരുമാനിക്കാന്‍ കഴിയൂ. വരാനിരിക്കുന്ന പുല്ലഴി ഡിവിഷനില്‍ ഭരണം പിടിക്കുക. വിമതനെ ഒപ്പം കൂട്ടുക. ഈ രണ്ടു വഴിയാണ് യുഡിഎഫിന് ഭരണം പിടിക്കാനുള്ളത്. പുല്ലഴിയാകട്ടെ നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുമാണ്.

English Summary: UDF rebel likely to become mayor in Thrissur Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com