ADVERTISEMENT

ലക്നൗ∙ ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതു വൈകിയതാണ് തെളിവുകൾ നഷ്ടപ്പെടാൻ കാരണമായതെന്ന് സിബിഐ. പെൺകുട്ടിയുടെ കുടുംബം ആദ്യം സമീപിച്ച ചന്ദപ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ല. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയോ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

സെപ്റ്റംബർ 22ന് പെൺകുട്ടി നൽകിയ ‘മരണമൊഴി’യുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ നിഗമനങ്ങൾ. നാലു യുവാക്കൾ തന്നെ പീഡനപ്പിച്ചുവെന്നും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമായിരുന്നു മൊഴി. സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നുവെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ നൽകാൻ പ്രതികൾക്കു കഴിഞ്ഞിരുന്നില്ല.

അതേസമയം, അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയതോടെ എസ്പിയടക്കം അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ‘പെൺകുട്ടി മൊഴി നൽകിയതിനു പിന്നാലെ തന്നെ നാല് പ്രതികളെയും അറസ്റ്റു ചെയ്തിരുന്നുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ്. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന് ഞങ്ങളുടെ എഫ്ഐആർ തന്നെയാണ് സിബിഐ പരിഗണിച്ചത്.– പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരയായ പെൺകുട്ടിയുടെ കുടുംബം പോലും ആവശ്യപ്പെടാതെ യുപി സർക്കാർ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രതിയായ സന്ദീപ് പെൺകുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഇരയുടെ സഹോദരൻ പറഞ്ഞിരുന്നുവെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. തന്നെ അപമാനിക്കാൻ ശ്രമിച്ചതായും അവൾ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുകയോ ഫൊറൻസിക് പരിശോധനകൾ നടത്തുകയോ ചെയ്തിരുന്നില്ലെന്നും സിബിഐ പറയുന്നു.

സെപ്റ്റംബർ 19 വരെ ചന്ദപ്പ പൊലീസ് സ്റ്റേഷനിലുള്ള ഒരു വനിതാ ഓഫിസറോ ഹൗസ് ഓഫിസറോ പെൺകുട്ടിയുടെ പരിശോധനയെപ്പറ്റി ചിന്തിച്ചതേയില്ല.. സെപ്റ്റംബർ 19ന് മറ്റൊരു മൊഴിയിൽ തന്നെ പീഡിപ്പിച്ചതായി അവൾ പറഞ്ഞു. എന്നിട്ടും വൈദ്യപരശോധനയ്ക്ക് വിധേയയാക്കിയില്ല. 

പ്രതികൾ തന്നെ ബലാൽസംഗം ചെയ്തുവെന്ന് സെപ്റ്റംബർ 22ന് അലിഗഡ് ആശുപത്രിയിൽവച്ച് പെൺകുട്ടി എടുത്തുപറഞ്ഞതോടെയാണ് അവളെയും പ്രതികളെയും വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. പൊലീസിന്റെയും അധികൃതരുടെയും വീഴ്ച പെൺകുട്ടിയുടെ പരിശോധന താമസിപ്പിച്ചു. നിർണായകമായ തെളിവുകൾ സമയബന്ധിതമായി കണ്ടെത്തിയില്ലെന്നും ചാർജ് ഷീറ്റിൽ പറയുന്നു. പെൺകുട്ടിയും കേസിലെ പ്രധാന പ്രതിയുമായ സന്ദീപും തമ്മിൽ സ്നേഹബന്ധത്തിലായിരുന്നുവെന്നും സിബിഐ ചാർജ്ഷീറ്റിൽ വ്യക്തമാക്കുന്നു. 

English Summary: Delay in victim’s med examination led to evidence loss: CBI on Hathras case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com