ADVERTISEMENT

കാഠ്മണ്ഡു ∙ പാർട്ടിക്കുള്ളിലെ സമ്മർദങ്ങൾക്കു പിന്നാലെ നേപ്പാളിൽ അപ്രതീക്ഷിത നീക്കവുമായി പ്രധാനമന്ത്രി കെ.പി.ശർമ ഒലി. പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റിനോടു ശുപാർശ ചെയ്യാൻ അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവാദമായൊരു ഓർഡിനൻസിനെച്ചൊല്ലി നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ തർക്കം സർക്കാരിന് എതിരായപ്പോഴാണു പാർലമെന്റ് പിരിച്ചുവിടുകയെന്ന തീരുമാനത്തിലേക്ക് ഒലി എത്തിയത്.

‘ഇന്നത്തെ മന്ത്രിസഭാ യോഗം പാർലമെന്റ് പിരിച്ചുവിടാൻ രാഷ്ട്രപതിയോടു ശുപാർശ ചെയ്യാൻ തീരുമാനിച്ചു’– ഊർജമന്ത്രി ബർഷാമൻ പുൻ പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരായ പുഷ്പ കമൽ ദഹലിന്റെയും (പ്രചണ്ഡ) മാധവ് നേപ്പാളിന്റെയും നേതൃത്വത്തിൽ പാർട്ടിയിലെ എതിരാളികളിൽനിന്നു കടുത്ത സമ്മർദമാണ് ഒലി നേരിടുന്നത്. കഴിഞ്ഞദിവസം പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയെ ഔദ്യോഗിക വസതിയിൽ ഒലി സന്ദർശിച്ചിരുന്നു. ഇടക്കാല സർക്കാരിനെ നയിക്കുന്നത് ഒലി തന്നെയാകും.

നിർണായക നിയമനങ്ങൾ നടത്താൻ ഒലിക്ക് അധികാരം നൽകിക്കൊണ്ടു പുറപ്പെടുവിച്ച ഓർഡിനൻസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് പാർട്ടി സമ്മർദം ചെലുത്തിയത്. രണ്ടാം തവണ പ്രധാനമന്ത്രിയായി മൂന്ന് വർഷത്തിനുള്ളിൽ ഒലിയുടെ ഭാഗത്തുനിന്നുണ്ടായ പ്രഹരമേറിയ നീക്കമായാണു പാർലമെന്റ് പിരിച്ചുവിടലിനെ കണക്കാക്കുന്നത്. 2017ൽ തിരഞ്ഞെടുക്കപ്പെട്ട 275 അംഗ ജനപ്രതിനിധിസഭ പിരിച്ചുവിടാനാണു ശുപാർശ. ഒലിയുടെ ശുപാർശ അംഗീകരിച്ച പ്രസിഡന്റ്, ഏപ്രിൽ 30, മേയ് 10 തീയതികളിൽ രണ്ടുഘട്ടങ്ങളായി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

NEPAL-CHINA-DIPLOMACY
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനൊപ്പം ഒലി. (ഫയൽ ചിത്രം)

ഭൂരിപക്ഷ സർക്കാരിനെ പിരിച്ചുവിടാൻ നേപ്പാളിലെ ഭരണഘടന പ്രധാനമന്ത്രിയെ അനുവദിക്കുന്നില്ലെന്ന വാദവുമായി എതിരാളികൾ രംഗത്തെത്തി. പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പ് ഉണ്ടാക്കുന്നതിനുപകരം പാർലമെന്റ് പിരിച്ചുവിടാനാണു പ്രധാനമന്ത്രി തീരുമാനിച്ചതെന്നു നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ബിഷ്ണു റിജാൽ പറഞ്ഞു. ചൈനയോടു മൃദു സമീപനമാണ് ഒലി സർക്കാരിനുണ്ടായിരുന്നത്. ഒലിയുടെ നീക്കം, കിഴക്കൻ ലഡാക്കിലുൾപ്പെടെ ഇന്ത്യയുമായി സംഘർഷത്തിലേർപ്പെട്ട ചൈനയ്ക്ക് തിരിച്ചടിയാകുമെന്നും കരുതുന്നു.

അതിർത്തി കയ്യേറി നേപ്പാൾ അറിയാതെ ചൈന കെട്ടിടങ്ങൾ നിർമിച്ചതായി മാസങ്ങൾക്കു മുൻപു റിപ്പോർട്ടുണ്ടായിരുന്നു. ചൈന 11 സ്ഥലങ്ങളില്‍ കയ്യേറ്റം നടത്തിയിട്ടുണ്ടെന്നു നേപ്പാളിലെ കൃഷി മന്ത്രാലയം മുൻപ് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ രേഖപ്പെടുത്തിയതിനു പിന്നാലെ പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉൾപ്പെടുത്തി ഇന്ത്യയെ പ്രകോപിപ്പിക്കാനും മുന്നിൽനിന്നത് ഒലിയായിരുന്നു.

English Summary: Nepal’s PM Oli springs a surprise on detractors, dissolves Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com