ADVERTISEMENT

സിഡ്നി ∙ കടുത്ത പീഡനങ്ങൾക്കും മുന്നൂറിലധികം പ്രാവശ്യത്തെ ചോദ്യം ചെയ്യലുകൾക്കും അധിക്ഷേപങ്ങൾക്കും ശേഷവും തനിക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന്, ചാരവൃത്തി ആരോപിച്ച് ബെയ്ജിങ്ങിൽ തടവിലാക്കപ്പെട്ട ഓസ്‌ട്രേലിയൻ എഴുത്തുകാരൻ യാങ് ഹെങ്‌ജുൻ (55). ജയിലിൽനിന്നു വായനക്കാർക്കായി പുറത്തുവിട്ട ക്രിസ്മസ് സന്ദേശത്തിലാണു ചൈനീസ് ഭരണകൂടത്തിന്റെ പീഡനങ്ങൾ യാങ് വിവരിക്കുന്നത്.

ജനാധിപത്യം, നിയമവാഴ്ച, സ്വാതന്ത്ര്യം എന്നിവ പിന്തുടരണമെന്നു വായനക്കാരോടു യാങ് പറഞ്ഞു. ജനാധിപത്യവാദിയായ ബ്ലോഗറാണു യാങ്. 2019 ജനുവരിയിൽ ന്യൂയോർക്കിൽനിന്നു ഗ്വാങ്‌ഷോ വിമാനത്താവളത്തിലെത്തിയ യാങ്ങിനെ ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ചു ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നുമുതൽ ഭാര്യയെയോ കുടുംബത്തെയോ കാണാനായിട്ടില്ല. റോയിട്ടേഴ്സിനാണ് ഇദ്ദേഹം സന്ദേശം അയച്ചത്.

യാങ്ങിന്റെ മുൻ അധ്യാപകനും സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്നയാളുമായ ഫെങ് ചോംങ്ങി കത്തിന്റെ ആധികാരികത സ്ഥിരീകരിച്ചു. യാങ് 2011ൽ ഫെങിന് അയച്ച കത്തിൽ, ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിക്കായി ഒരു പതിറ്റാണ്ടോളം ഹോങ്കോങ്ങിലും വാഷിംഗ്ടനിലും ജോലി ചെയ്തിരുന്നുവെന്നും 1999ൽ ഓസ്‌ട്രേലിയയിലേക്ക് പോകുംമുൻപ് സേവനം ഉപേക്ഷിച്ചുവെന്നും വെളിപ്പെടുത്തിയിരുന്നു.

പിന്നീട് അദ്ദേഹം തായ്‌വാനിൽനിന്നു ചാരവൃത്തിയെ ആസ്പദമാക്കി നോവലുകൾ എഴുതി. ന്യൂയോർക്കിലേക്ക് പോകും മുൻപായി ജനാധിപത്യ ബ്ലോഗർ എന്ന നിലയിൽ ചൈനയിൽ വലിയ ഓൺലൈൻ സ്വീകാര്യതയും ലഭിച്ചു. മുല്ലപ്പൂ വിപ്ലവത്തിൽ പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് 2011ൽ കുറച്ചുകാലം തടങ്കലിലായിരുന്നു. തന്റെ നോവലുകളിൽ രാജ്യരഹസ്യങ്ങളൊന്നും വെളിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നാണ് അന്നു വിശദീകരിച്ചത്.

ഇപ്പോഴും ചാരവൃത്തി ആരോപണം അദ്ദേഹം നിഷേധിക്കുന്നു. ചൈനയുടെ അനുമതിയോടെ ഓസ്‌ട്രേലിയൻ നയതന്ത്രജ്ഞർ ഡിസംബർ 17ന് യാങ്ങിനെ സന്ദർശിച്ചിരുന്നു. യാങിന്റെ വിചാരണ വൈകുകയാണ്. കോടതിക്കായി കാത്തിരിക്കുകയാണെന്നും നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും മാനവികതയിലും നീതിയിലും ദൈവത്തിലും വിശ്വസിക്കുന്നതായും യാങ് പറഞ്ഞു.

English Summary: After "Torture, Over 300 Interrogations...": Writer Detained In Beijing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com