‘പട്ടിയെ അടിച്ചാൽ കുറ്റം കടി കിട്ടിയവന്; മാറ്റണം, നിയമം മനുഷ്യനു വേണ്ടി’
Mail This Article
തിരുവനന്തപുരം∙ മലപ്പുറത്ത് വയോധികനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നതിനെതിരെ പ്രതിഷേധവുമായി മുൻ ഡിജിപി ജേക്കബ് പുന്നൂസ്. മനുഷ്യനായിരിക്കണം പ്രഥമ പരിഗണനയെന്നും അതിനായി വേണ്ടി വന്നാൽ നിയമം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പണ്ട് ജെയിംസ് ബോണ്ട് സിനിമയിലാണ് മനുഷ്യനെ കൊന്നു തിന്നുന്ന പട്ടികളെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ അടുത്ത കാലത്തു പട്ടികളുടെ ആക്രമണത്തിന് വയോധികർ ഇരയായി മരിക്കുന്നതും ഗുരുതര പരുക്കേൽക്കുന്നതും സർവ സാധാരണം. കുറ്റിപ്പുറത്തും അത്തരം പട്ടികൾ ഒരു വയോധികനെക്കൂടി കൊന്നു തിന്നു.
മാലിന്യം റോഡിലേക്കും തോട്ടിലേക്കും പുഴയിലേക്കും മലയാളി വലിച്ചെറിയുന്നു. അതു തിന്നു പട്ടിക്കൂട്ടങ്ങൾ പെരുകുന്നു. അവയുടെ ആക്രമണം ഭയന്ന് സ്വസ്ഥമായി ഒരിടത്തും നടക്കാൻ കഴിയാത്ത സ്ഥിതി സംജാതമാകുന്നു.
പട്ടികളെ ഭയന്ന് റോഡിലെ നടത്തം നിർത്തിയിട്ടു ഇപ്പോൾ ഏഴെട്ടു വർഷമായി. ആക്രമിക്കുന്ന പട്ടിക്ക് നിയമ സംരക്ഷണം ലഭിക്കുന്ന ഒരു വ്യവസ്ഥിതിയിൽ കടിക്കാൻ വരുന്ന പട്ടിയെ വടിയെടുത്തടിച്ചാൽ പോലും കുറ്റം കടി കിട്ടിയവനായിരിക്കും. അടിച്ചത് പൊലീസുകാരനാണെങ്കിൽ പിന്നെ അതവന്റെ സസ്പെൻഷനിൽ തന്നെ അവസാനിക്കും! റിട്ടയേർഡ് ഡിജിപി ആയാലും അലംഘനീയം ഈ ശ്വാന നീതി. അതെല്ലാം ആലോചിച്ചു വഴിയിൽ നടക്കേണ്ട എന്ന് തീരുമാനിച്ചു. വയറൽപ്പം കൂടിയാലും നിയമ ലംഘനം ഒഴിവാകുമല്ലോ! പക്ഷേ എല്ലാത്തിനും ഒരതിര് വേണം എന്ന് തോന്നുന്നു.
മൃഗങ്ങളോട് ക്രൂരത പാടില്ല. പക്ഷേ മൃഗങ്ങൾ മനുഷ്യന് ഭീഷണിയായാൽ സംരക്ഷണം ലഭിക്കേണ്ടത് മനുഷ്യനാണ്. പട്ടികൾ തെരുവിലാകുന്ന സ്ഥിതി വിശേഷമാണ് തടയേണ്ടത്. തെരുവിലും നാട്ടിലും അപകടം ഉണ്ടാക്കുന്ന മൃഗങ്ങളെ പിടിച്ചു കാട്ടിലോ കൂട്ടിലോ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ഭരണകൂടത്തിനുണ്ട്. അത് നിർവഹിക്കപ്പെടാതെ അക്രമകാരികളായ തെരുവ് നായ്ക്കളെയും നാട്ടിലെ കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെയും പ്രതിരോധിക്കുന്ന മനുഷ്യരെ കുറ്റവാളികളാക്കുന്നതു ഒട്ടും നീതിയുക്തമല്ല.
കാട്ടിൽ പന്നിയും വീട്ടിലും കൂട്ടിലും പട്ടിയും തീർച്ചയായും സംരക്ഷിക്കപ്പെടണം. അവിടെയെല്ലാം മൃഗങ്ങളെ ആക്രമിക്കുന്ന മനുഷ്യൻ ശിക്ഷിക്കപ്പെടണം. എന്നാൽ തെരുവുകളിലും നാട്ടിൻപുറത്തും കൃഷിയിടങ്ങളിലും മനുഷ്യനായിരിക്കണം പ്രഥമ പരിഗണന. അതിനായി വേണ്ടി വന്നാൽ നിയമം മാറണം, മാറ്റണം– അദ്ദേഹം പറഞ്ഞു.
Content Highlights: Rtd DGP Jacob Punnoose on stray dogs killing old man at Malappuram