നിയമസഭാതന്ത്രം തദ്ദേശത്തിലും; കോൺഗ്രസും ശിവസേനയും എൻസിപിയും തമ്മിൽ സഖ്യം?
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയില്‍ 2021ൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി സഖ്യത്തിനു കളമൊരുങ്ങുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ടാണ് ഇതിന്റെ സൂചന നല്‍കിയത്. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും അടങ്ങുന്ന മഹാവികാസ് അഘാഡി ഒറ്റക്കെട്ടായി കളത്തിലിറങ്ങിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയെ തറപറ്റിക്കാനാകുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി.
മൂന്നു പാര്‍ട്ടികളും ഒരുമിച്ചു നിന്നാല്‍ ബിജെപിയെ വലിയ ബുദ്ധിമുട്ടില്ലാതെ പരാജയപ്പെടുത്താനാകുമെന്നു ബാലാസാഹേബ് തൊറാട്ട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലും ശിവസേനയുമായും എന്‍സിപിയുമായും സഖ്യത്തിനു കോണ്‍ഗ്രസ് തയാറാണ്. പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം അന്തിമതീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 12 മന്ത്രിമാരെയാണു നിയോഗിച്ചിരിക്കുന്നത്. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളിയ സംസ്ഥാന സര്‍ക്കാര്‍, കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കു ധനസഹായം നല്‍കിയിരുന്നു. കോവിഡ് കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി 13 അംഗ സമിതിയെയും നിരീക്ഷകരെയും നിയോഗിച്ചു. നവി മുംബൈ, ഔറംഗാബാദ്, വസായ്-വിരാര്‍, കല്യാണ്‍-ദോംബിവ്ലി, കോലാപുര്‍ എന്നീ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും രണ്ട് ജില്ലാ പരിഷത്തുകള്‍, 13 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 83 നഗരപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
English Summary: MVA allies together can defeat BJP in Maharshtra Civi polls: Congress