ഒരാളുടെ അശ്രദ്ധ; യുഎസിൽ 300 ആളുകൾ ക്വാറന്റീനിൽ, 7 പേർക്ക് ജീവൻ നഷ്ടമായി
Mail This Article
ഡഗ്ലസ് (യുഎസ്)∙ കോവിഡ് സംഹാരതാണ്ഡവമാടുന്ന യുഎസിൽ ഒരു വ്യക്തിയുടെ അശ്രദ്ധ കാരണം ജീവൻ നഷ്ടപ്പെട്ടത് 7 പേർക്ക്. നൂറുകണക്കിനാളുകൾ ക്വാറന്റീനിലാവുകയും ചെയ്തു. കൊളറാഡോ സംസ്ഥാനത്തെ ഡഗ്ലസ് കൗണ്ടിയിലെ ഒറിഗോണിലാണ് അടുത്തിടെ രണ്ടുവട്ടം കോവിഡ് വ്യാപനം സംഭവിച്ചതെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
യുഎസിൽ കോവിഡ് വ്യാപനം തുടരുകയാണെങ്കിലും ഒറിഗോണിൽ ‘സൂപ്പർ സ്പ്രെഡ്’ അല്ല ഉണ്ടായതെന്ന നിഗമനത്തിൽ നടത്തിയ അന്വേഷണത്തിലാണു വ്യക്തിയുടെ അശ്രദ്ധ വെളിപ്പെട്ടത്. കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്ന ഇയാൾ അത് അവഗണിച്ചു ജോലിക്കു പോയതാണു പ്രശ്നമായത്. ഇയാൾ പിന്നീടു പോസിറ്റീവായി. ജോലിസ്ഥലത്ത് അടക്കം ഇയാളിലൂടെ പകർന്ന കൊറോണ വൈറസ് ബാധിച്ച് ഏഴു പേരാണു മരിച്ചത്. സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തു.
ആകെ മുന്നൂറോളം പേർ ക്വാറന്റീനിൽ പോകേണ്ട സാഹചര്യമുണ്ടായെന്നു കൗണ്ടി അധികൃതർ പറഞ്ഞു. ‘ഒരാളുടെ അശ്രദ്ധയിൽ ഇത്രയും കുടുംബങ്ങൾ അകപ്പെട്ടു പോയതിന്റെ മനോവേദന വലുതാണ്. അവരോടു സഹതപിക്കുന്നു’ എന്നു ഡഗ്ലസ് കൗണ്ടി പൊതുജനാരോഗ്യ ഓഫിസർ ബോബ് ഡാനൻഹോഫർ പറഞ്ഞു. രോഗം പരത്തിയ വ്യക്തിയുടെയോ വ്യാപനമുണ്ടായ സ്ഥാപനത്തിന്റെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊളറാഡോയിൽ ഇതുവരെ 3,16,500 പേർക്കാണു കോവിഡ് ബാധിച്ചത്. 65,114 പേർ രോഗമുക്തി നേടിയപ്പോൾ 4462 പേർക്കു ജീവൻ നഷ്ടമായി.
English Summary: Person With Covid Went To Work. Then, 7 Died, 300 Had To Quarantine