ആത്മനിർഭർ ഭാരത് ടഗോറിന്റെയും ആശയമെന്ന് മോദി; പങ്കെടുക്കാതെ മമത
Mail This Article
ശാന്തിനികേതൻ ∙ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ വിശ്വഭാരതി സർവകലാശാല വഹിച്ച പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടഗോർ സ്ഥാപിച്ച സർവകലാശാലയുടെ ശതാബ്ദിയാഘോഷത്തെ വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ ഇന്ത്യ ഒരുക്കുന്നതിനുവേണ്ടി എൻഡിഎ സർക്കാർ ആരംഭിച്ച ‘ആത്മനിഭർ ഭാരത്’ സംരംഭത്തിന്റെ സാരം ടഗോറിന്റെ കാഴ്ചപ്പാട് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിക്കായുള്ള സംരംഭമാണ് ആത്മനിർഭർ ഭാരത്. അത് ആഗോള അഭിവൃദ്ധിക്കും സഹായകമാകും. രാജ്യത്തിനു നിരന്തരമായ ഊർജത്തിന്റെ ഉറവിടമാണു വിശ്വഭാരതി. ടഗോറിന്റെ തത്വചിന്ത, കാഴ്ചപ്പാട്, കഠിനാധ്വാനം എന്നിവയുടെ മൂർത്തീഭാവമാണ് വിശ്വഭാരതിയെന്നും മോദി പറഞ്ഞു.
ചടങ്ങിൽനിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നു. മികവുറ്റ മനുഷ്യരെ സൃഷ്ടിക്കുന്നതിൽ ടഗോർ നടത്തിയ ഏറ്റവും വലിയ പരീക്ഷണത്തിന്റെ ബാക്കിപത്രമാണ് വിശ്വഭാരതിയെന്ന് മമത പിന്നീട് ട്വീറ്റ് ചെയ്തു. ടഗോറിന്റെ ജ്ഞാനവും തത്വചിന്തയും വരുംതലമുറയ്ക്കായി സംരക്ഷിക്കപ്പെടണമെന്നും അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1921ലാണ് ശാന്തിനികേതനിൽ വിശ്വഭാരതിക്ക് തുടക്കമാകുന്നത്. 1951ൽ കേന്ദ്ര സർവകലാശാല പദവി ലഭിച്ചു.
English Summary: PM Narendra Modi attends centenary celebrations of Visva-Bharati University in Shantiniketan