ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് അവലോകനയോഗം നേതാക്കളുടെ വാക്കേറ്റത്തെ തുടർന്ന് മാറ്റിവച്ചു. ബിജെപിക്ക് വോട്ട് വിറ്റെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തന്നെ ആരോപിച്ചതോടെയാണ് വാഗ്വാദത്തിന് വഴിവച്ചത്. കൊല്ലത്തും പത്തനംതിട്ടയിലും ഡിസിസിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

തോറ്റതിന്റെ കാരണവും തിരുത്തല്‍ മാര്‍ഗവും കണ്ടെത്താന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിലാണ് അവലോകനയോഗം ചേര്‍ന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളില്‍ കെട്ടിവയ്ക്കരുതെന്നും കെപിസിസിക്കും ഉത്തരവാദിത്വമുണ്ടെന്നും വി.എസ്.ശിവകുമാര്‍ എംഎല്‍എ പറഞ്ഞതോടെ എതിര്‍പ്പുമായി കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് എഴുന്നേറ്റു.

ബിജെപിയുമായുള്ള അഡ്ജസ്റ്റ്മെന്റാണ് നടന്നതെന്നും തെളിവുണ്ടെന്നും സുരേഷ് വാദിച്ചു. തലസ്ഥാനത്ത് തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ അവരുടെ ഭാവിക്ക് വേണ്ടി ബിജെപിയെ പിണക്കാതെ കൂടെനിര്‍ത്തുകയാണെന്നും ആരോപിച്ചു. ഇത് തര്‍ക്കത്തിന് വഴിവച്ചതോടെ ക്രിസ്മസ് കഴിഞ്ഞ് മറ്റൊരു ദിവസം യോഗം കൂടാമെന്ന് നിശ്ചയിച്ച് പിരിയുകയായിരുന്നു. 

പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അവലോകനയോഗത്തിലും തര്‍ക്കങ്ങളുണ്ടായെങ്കിലും പൂര്‍ത്തിയാക്കി. കൈപ്പത്തിയെ കാശിന് വിറ്റെന്നും ഗ്രൂപ്പ് മാത്രമായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പരിഗണനയെന്നുമാണ് പത്തനംതിട്ടയില്‍ ഉയര്‍ന്ന പ്രധാന ആരോപണം. താഴേത്തട്ടില്‍ സംഘടനയില്ലെന്നും പ്രവര്‍ത്തകരുടെ മനോവീര്യം വീണ്ടെടുക്കണമെങ്കില്‍ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നും പത്തനംതിട്ടയിലെ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

കൊല്ലത്തും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ മാറ്റമായിരുന്നു മുഖ്യ ആവശ്യം. എന്നാല്‍ കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനാണ് തോല്‍വിയുടെ മുഖ്യകാരണമെന്നായിരുന്നു മറുവാദം. ജില്ലാതല അവലോകനയോഗങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതോടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിധ്യത്തില്‍ 27ന് രാഷ്ട്രീയകാര്യസമിതിയോഗം ചേരും.

Content Highlight: Congress Review meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com