പ്രിയപ്പെട്ട സച്ചിയുടെ പിറന്നാൾ ദിനത്തിൽ അനിലും മടങ്ങുമ്പോൾ
Mail This Article
നടനത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം അനിലിനെ തിരികെവിളിച്ചത്. സിനിമയിലേക്ക് എത്താൻ വൈകിയെങ്കിലും ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ സാധിച്ച അസാധ്യ അഭിനേതാവാണ് അനിൽ നെടുമങ്ങാട്. സ്കൂൾ ഓഫ് ഡ്രാമയിലും എംജി കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അനിലിനു സിനിമ വലിയ അഭിനിവേശമായിരുന്നു. പ്രതിഭകൾക്കൊപ്പം അച്ചടക്കത്തോടെ അഭിനയിക്കാനും കയ്യടി നേടാനും പ്രത്യേക വൈഭവവുമുണ്ടായിരുന്നു അനിലിന്. സ്കൂൾ ഓഫ് ഡ്രാമയിൽനിന്നു പഠിച്ചിറങ്ങിയ ഉടൻ സിനിമാസ്വപ്നവുമായി അനിൽ ചെന്നതു വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അടുത്തേക്കാണ്.
സിനിമാവൃത്തങ്ങളിൽ ഏറെ പ്രശസ്തമാണ് ആ കഥ. സിനിമയിൽ അവസരം ചോദിച്ച അനിലിനോട് ഒരുദിവസം വീട്ടിലേക്കുവരാൻ അടൂർ നിർദേശിച്ചു. തൊട്ടടുത്തദിവസം തന്നെ തിരുവനന്തപുരത്തെ അടൂരിന്റെ വീട്ടിലെത്തി. കേരളീയ മാതൃകയിലുള്ള വലിയ വീട്. കോളിങ് ബെല്ലിനു പകരമുള്ളതു മണിയാണ്. അനിൽ മണിയടിച്ചു. ശബ്ദം കേട്ടു അടൂർ വാതിൽതുറന്നു പുറത്തുവന്നു. പരിചയപ്പെടുത്തിയതിന്റെ തൊട്ടുപിന്നാലെ അനിലിന്റെ കമന്റ് കേട്ട് അടൂരിനു ചിരിവന്നു: ‘സിനിമയിൽ പച്ചപിടിക്കാൻ പലരെയും മണിയടിക്കണം എന്നു കേട്ടിട്ടുണ്ട്, സാറിനെയും മണിയടിക്കണോ?!’
മിമിക്രി കലാകാരനല്ലെങ്കിലും ഒട്ടേറെ സ്കിറ്റുകൾക്കും കോമഡി ഷോകൾക്കും സ്ക്രിപ്റ്റ് തയാറാക്കിയിരുന്നു. സിനിമ, ടിവി മേഖലയുടെ ഓരത്തുണ്ടായിരുന്ന അനിലിനെ ജനം ശ്രദ്ധിച്ചു തുടങ്ങിയതു പ്രശസ്തമായ ‘ജുറാസിക് വേൾഡ്’ എന്ന ടിവി ഷോയിലൂടെയാണ്. അതിലെ മാനറിസങ്ങൾ അനിലിനെയും അദ്ദേഹത്തിലെ നടനെയും അടയാളപ്പെടുത്തി. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിൽ പ്രമുഖ നടനു മാറ്റിവച്ച ഗെസ്റ്റ് റോളിലേക്കുള്ള പകരക്കാനായി സിനിമാജീവിതത്തിനു നിമിത്തമായതും ടിവിയിലെ സാന്നിധ്യമാണ്. ‘പവർ പാക്ക്ഡ്’ നടനെന്നു വേഗത്തിൽതന്നെ പേരെടുത്തു അനിൽ.
സ്റ്റീവ് ലോപ്പസിൽനിന്നു കമ്മട്ടിപ്പാടത്തിലേക്ക് എത്തിയപ്പോൾ അനിലിലെ നടൻ ഏറെ വളർന്നു. 40 വയസ്സുള്ളപ്പോൾ അതിനേക്കാൾ 20 വയസ്സ് കൂടിയയാളായി അനായാസം പകർന്നാടി. നാടക കളരിയിൽനിന്നു നേടിയ ഡയലോഗ് ഡെലിവറിയിലെ വൈദഗ്ധ്യം സ്ക്രീനിൽ കഥാപാത്രങ്ങൾക്കു കൂടുതൽ ഗാംഭീര്യമേകി. സച്ചിയുടെ അവസാന സിനിമയായ അയ്യപ്പനും കോശിയും പ്രതിഭകളുടെ സംഗമമായിരുന്നു. പൃഥ്വിരാജും ബിജു മേനോനും രഞ്ജിത്തും എല്ലാമടങ്ങിയ പ്രതിഭകൾക്കു നടുവിലും സിഐ സതീഷ് എന്ന പൊലീസ് ഓഫിസറെ തന്മയത്വത്തോടെ അടയാളപ്പെടുത്തി. താരകേന്ദ്രീകൃതമായ മലയാള സിനിമ പ്രമേയപരമായ പുതുമ തേടിയപ്പോൾ അനിലിന്റെ പ്രതിഭയെ കാണാതിരിക്കാൻ ആകുമായിരുന്നില്ല.
സമൂഹമാധ്യമത്തിൽ അനിൽ എഴുതിയ കുറിപ്പ് അറംപറ്റിയ പോലെയായി. പ്രിയ സംവിധായകൻ സച്ചിയുടെ പിറന്നാൾ ദിവസത്തെക്കുറിച്ചായിരുന്നു എഴുത്ത്. ‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റേതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ? ഞാൻ പറഞ്ഞു ആയില്ല, ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു’.
‘ഇനി അയാൾക്കു നിയമമില്ല. കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്’ അയ്യപ്പനും കോശിയും കണ്ടിറങ്ങുന്ന കാണികളുടെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട് സിഐ സതീഷിന്റെ ആ മാസ് ഡയലോഗ്. സംവിധായകൻ സച്ചിയുടെ പിറന്നാൾ ദിനത്തിൽ അനിൽ നെടുമങ്ങാടും ഇല്ലാതാകുമ്പോൾ 2020 മലയാള സിനിമയ്ക്കു ദുരന്തങ്ങളുടെ വർഷമാകുന്നു.
English Summary: Life of Actor Anil Nedumangad