ADVERTISEMENT

ഭോപ്പാല്‍∙ ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശ് മന്ത്രിസഭയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പത്തു വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസാക്കി.

ബില്‍ നിയമമായാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം തെളിയുന്ന പക്ഷം പത്തു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. തെളിവ് ഹാജരാക്കാനുള്ള ഉത്തരവാദിത്തം കുറ്റാരോപിതര്‍ക്കാകുകയും ചെയ്യും. സംഘടനകളും സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനാണ് മതസ്വാതന്ത്ര്യ ബില്‍ 2020 മന്ത്രിസഭയില്‍ അവതരിപ്പിച്ചത്. ഈ മാസം ചേരുന്ന നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും. 

ഇപ്പോള്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുള്ളതായി സംശയിക്കുന്നുവെന്നു ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഏതെങ്കിലും പഞ്ചായത്തിന്റെ ഭരണം പിടിക്കണമെങ്കില്‍ അവിടെയുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് മതം മാറ്റി മത്സരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ അടുത്തിടെയാണു തിരികെ കുടുംബങ്ങളില്‍ എത്തിച്ചത്. മധ്യപ്രദേശിലെ നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ക്ക് മേലില്‍ ഇതു സംഭവിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിവാഹത്തിനു ശേഷം പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടു മാസം മുമ്പ് അത് അറിയിക്കണം. അല്ലാത്ത പക്ഷം പുതിയ നിയമപ്രകാരം വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ല. ഉത്തര്‍പ്രദേശില്‍ പുതിയ നിയമപ്രകാരം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ശക്തമായ വിമര്‍ശനമാണ് നിയമത്തിനെതിരെ പൊതുസമൂഹത്തില്‍നിന്ന് ഉയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com