ADVERTISEMENT

കോഴിക്കോട്∙ ലീഗിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ 'താന്‍' എന്ന് അഭിസംബോധന ചെയ്ത സമൂഹമാധ്യമത്തില്‍ ഇട്ട കുറിപ്പില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിയ തെഹ്ലിയ. കുറിപ്പിനു താഴെ അസഭ്യവര്‍ഷമാണ് സൈബര്‍ പോരാളികള്‍ ചൊരിയുന്നത്. ഒരു സ്ത്രീ ആണെന്ന കാര്യത്താല്‍ തന്നെ ഉപയോഗിക്കുന്നത് മോശം പ്രയോഗങ്ങളാണ്, ഇല്ലാക്കഥകള്‍ മെനയുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വനിത കമ്മിഷനും പൊലീസിലും പരാതി നല്‍കുമെന്നും നിയമപരമായി നേരിടുമെന്നും ഫാത്തിമ 'മനോരമ ഓണ്‍ലൈനി'നോട് പറഞ്ഞു.

യുഡിഎഫിന്റെ നേതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയാണോ എന്ന പിണറായി വിജയന്റെ ചോദ്യത്തിന് 'യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശനം മിസ്റ്റര്‍ പിണറായി വിജയന്‍?' എന്ന് തുടങ്ങുന്ന കുറിപ്പാണ് ഫാത്തിമ തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ശബരിമലയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പിണറായി വിജയന്‍ വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിട്ടുണ്ട്. 'മുസ്ലിം ലീഗ് യുഡിഎഫിനെ നിയന്ത്രിക്കുന്നേ' എന്ന് പറഞ്ഞു ഭീതി പരത്തി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയന്‍ ശ്രമിക്കുന്നത്. യുഡിഎഫിനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പൊലീസിനെ ആരു നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയന്‍ വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയന്‍ നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ ആര്‍എസ്എസ് തന്ത്രമാണ് പിണറായി വിജയന്‍ പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവര്‍ണ സംവരണത്തിലൂടെയും ആര്‍എസ്എസ്സിന് യോഗിയേക്കാള്‍ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍ എന്നും ഫാത്തിമ കുറിച്ചിരുന്നു. 

ഇതിനെതിരെയാണ് ഫാത്തിമയ്ക്ക് സൈബര്‍ ഇടത്തില്‍ ആക്രമണം നേരിടേണ്ടി വന്നത്. എന്നാല്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ 'താന്‍' എന്ന് അഭിസംബോധനയെ മാത്രം വച്ചാണ് സൈബര്‍ സഖാക്കള്‍ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഫാത്തിമ പറഞ്ഞു.  'മുഖ്യമന്ത്രിയെ താന്‍ എന്നു വിളച്ചെത് എന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ്. ഒരു പ്രതിഷേധ കുറിപ്പ് എഴുതുമ്പോള്‍ സ്വാഭാവികമായും അത് നമ്മുടെ വാക്കുകളിലും പ്രതിഫലിക്കും. അതാണ് അവിടെയും സംഭവിച്ചത്. സിപിഎമ്മിന്റെ ഒരു പ്രകടനം പോകുമ്പോള്‍ തന്നെ ഒരുപാട് അസഭ്യവര്‍ഷങ്ങള്‍ അവര്‍ വിളിച്ചു പറയുന്നതിന്റെ സാക്ഷിയായിട്ടുണ്ട് ഞാന്‍. അത്തരത്തിള്ളൈ ഒരു വാക്കു പോലും എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. 'താന്‍' എന്ന വാക്കാണ് അവര്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്. അത് പ്രശ്‌നവല്‍ക്കരിക്കുന്നതിന് അപ്പുറത്തേക്ക് എന്റെ കുറിപ്പില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സിപിഎം തയാറാകണം. അതിനു മറുപടി നല്‍കാതെ അഭിസംബോധനയില്‍ ബഹുമാനക്കുറവുണ്ടായി എന്നു പറഞ്ഞ് കടിച്ചു തൂങ്ങുന്നത് അവരുടെ ഉത്തരമില്ലായ്മ രാഷ്ട്രീയമാണ്. അതൊരു 'അണ്‍പാര്‍ലമെന്ററി' വാക്കൊന്നുമല്ല. ഇത്തരത്തില്‍ പെരുമാറുന്ന ഒരാള്‍ക്ക് എങ്ങനെ ബഹുമാനം നല്‍കും. പ്രതിഷേധപരമായി എഴുതുമ്പോള്‍ സ്വാഭാവികമായും ഇത്തരത്തില്‍ തന്നെയാകും വാക്കുകള്‍ ഉപയോഗിക്കുക.'- ഫാത്തിമ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായും ഫാത്തിമ പറഞ്ഞു. 'കേരളത്തിലെ മുഖ്യമന്ത്രി അത്തരത്തില്‍ ഒരു വര്‍ഗീയ പരാമര്‍ശം നടത്തുമ്പോള്‍ അതിനെതിരെ മിണ്ടാതിരിക്കാന്‍ കഴിയില്ല. അതിനെതിരെ രൂക്ഷമായി തന്നെ പ്രതികരിക്കണം. അത്തരത്തില്‍ രാഷ്ട്രീയപരമായി തന്നെയാണ് അതിനെതിരെ പ്രതികരിച്ചത്. ആളുകളെ തമ്മില്‍ ഏറ്റുമുട്ടിപ്പിച്ചിട്ട് അതില്‍ മുതലെടുപ്പു നടത്തുകയാണ്. ആ മുതലെടുപ്പ് രാഷ്ട്രീയത്തിനെതിരയാണ് ഞാന്‍ പ്രതികരിച്ചത്. അതില്‍ ഉറച്ചു നില്‍ക്കുന്നു. ഫാസിസ്റ്റ് ഭീകരത സൃഷ്ടിക്കുന്ന ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് പ്രതികരിച്ചത്.' -ഫാത്തിമ വ്യക്തമാക്കി. 

കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷകയാണ് ഫാത്തിയ തെഹ്ലിയ. തനിക്ക് നേരത്തെയും ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് ഫാത്തിമ പറഞ്ഞു. സിപിഎമ്മിന്റെ അസഹിഷ്ണതയാണ് എന്റെ കുറിപ്പിനു താഴെ കണ്ടത്. കോളജ് കാലം മുതല്‍ ഇത്തരം അസഹിഷ്ണതകള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയപരമായ കാര്യങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ഇപ്പോഴും സിപിഎം പഠിച്ചിട്ടില്ലെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു. 

'സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കും. അതിനെ അവര്‍ മുഖവിലയ്ക്ക് എടുക്കുമോ എന്ന് എനിക്കറിയില്ല. മുന്‍പും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഞാന്‍ നല്‍കിയ കേസുകളില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 2021ലേക്ക് അടുക്കുമ്പോഴും സൈബര്‍ കേസുകളില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര വകുപ്പിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതാ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കുമ്പോള്‍ വനിതാ കമ്മിഷനില്‍ നിന്ന് പ്രത്യേകിച്ച് ഒന്നും പ്രതീക്ഷിക്കുന്നില്ല. സ്വമേധയാ കേസെടുക്കാനുള്ള വകുപ്പുണ്ടായിട്ടും അവര്‍ അതിനൊന്നും മുതിര്‍ന്നിട്ടില്ല. അവര്‍ക്ക് താല്‍പര്യമുള്ള ആളുകള്‍ക്ക് മാത്രമാണ് സംരക്ഷണം നല്‍കുന്നത്. എന്ത് നടപടി എടുത്താലും അതിനു പിന്നാലെ ഞാന്‍ ഉണ്ടാകും. എന്തായാലും നീതി ജയിക്കുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു അഭിഭാഷക എന്ന നിലയില്‍ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥായില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്.'- ഫാത്തിമ പറഞ്ഞു.  

English Summary :Fathima Thahiliya about facebook post against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com