ADVERTISEMENT

പാലക്കാട് ∙ സ്കൂൾ കാലം മുതലുള്ള പ്രണയത്തിനൊടുവിലാണ് അനീഷും ഹരിതയും ഒരുമിച്ചത്. പക്ഷേ വിവാഹം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന്റെ തലേദിവസം ദുരഭിമാനത്തിന്റെ കൊടുവാൾ അവരുടെ ജീവിതം തകർത്തു. പാലക്കാട്ടെ തേങ്കുറുശ്ശിയിൽ വെള്ളിയാഴ്ച വൈകിട്ടു നടന്ന ദാരുണമായ ദുരഭിമാനക്കൊലയുടെ വാർത്തയിൽ നടുങ്ങിനിൽക്കുകയാണ് കേരളം. കേസിൽ ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും പൊലീസിന്റെ പിടിയിലാണ്.

aneesh
കൊല്ലപ്പെട്ട അനീഷ്.

പ്രഭുകുമാറാണ് കൊലയുടെ ആസൂത്രകനെന്നും അനീഷിനു നേരത്തേ ഭീഷണിയുണ്ടായിരുന്നെന്നും പിതാവ് അറുമുഖൻ പറയുന്നു. ഹരിതയുടെ ബന്ധുക്കൾ പലവട്ടം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും അറുമുഖൻ പറഞ്ഞു. ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അന്നു നടപടിയെടുത്തിരുന്നെങ്കിൽ ഇന്ന് അനീഷ് ജീവനോടെയുണ്ടാകുമായിരുന്നു. പ്രഭുകുമാർ അനീഷിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്ന് അനീഷിന്റെ സഹോദരൻ അരുൺ പറയുന്നു. ഹരിതയുടെ താലിച്ചരടിനു മൂന്നു മാസത്തെ ആയുസ്സു മാത്രമേയുള്ളുവെന്നും അതിനുള്ളിൽ എല്ലാം അവസാനിപ്പിക്കുമെന്നും പ്രഭുകുമാർ വെല്ലുവിളിച്ചിരുന്നത്രേ.

വ്യത്യസ്ത ജാതിയിൽപെട്ട അനീഷും ഹരിതയും മൂന്നു മാസം മുൻപാണ് റജിസ്റ്റർ വിവാഹം ചെയ്തത്. ഹരിതയുടെ കുടുംബം സാമ്പത്തികമായി അൽപം ഉയർന്നതാണ്. ഹരിതയെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് അനീഷ് മുൻപ് പ്രഭുകുമാറിനെ സമീപിച്ചിരുന്നു. അതിനെച്ചൊല്ലി വഴക്കുകളുമുണ്ടായി. അതിനു പിന്നാലെയായിരുന്നു വിവാഹം. തന്റെ അമ്മാവൻ സുരേഷ് ഒരുതവണ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുകയും ഫോണ്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തെന്ന് ഹരിത പറയുന്നു. ജാതി, സാമ്പത്തിക വ്യത്യാസങ്ങളാണ് കൊലയ്ക്കു കാരണമെന്ന് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്.

family
അനീഷിന്റെ ഭാര്യ ഹരിത, പിതാവ് അറുമുഖൻ

അരുണിനൊപ്പം അനീഷ് വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം. ഇടയ്ക്ക് ബൈക്ക് നിർത്തി ഒരു കടയിൽ കയറിയപ്പോൾ പ്രഭുകുമാറും സുരേഷും അവിടേക്ക് ബൈക്കിലെത്തുകയും ആക്രമിക്കുകയുമായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രഭുകുമാറാണ് അനീഷിനെ വെട്ടിയതെന്ന് അരുൺ പറയുന്നു. അരുണിനെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. കഴുത്തിനും കാലിനും വെട്ടേറ്റ അനീഷിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിനു ശേഷം കടന്ന പ്രഭുകുമാറിനെ മൊബൈൽ‌ നെറ്റ്‌വർക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കോയമ്പത്തൂരിൽനിന്നു പിടികൂടിയത്.

അനീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Content Highlight: Palakkad Honor Killing, Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com